പ്രസംഗവേദിക്കടുത്ത് ബോംബേറ്: പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

തലശ്ശേരി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കുന്നതിനിടെ തലശ്ശേരി നങ്ങാറത്തുപീടികയില്‍ വേദിക്കുസമീപം ബോംബേറുണ്ടായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ ആറു ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഏതാനുംപേരെ പൊലീസ് ചോദ്യംചെയ്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, വെള്ളിയാഴ്ച രാത്രി സംഘര്‍ഷമേഖലകളില്‍ പൊലീസ് സായുധസേന നടത്തിയ റെയ്ഡില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരായ ഇരുപത്തഞ്ചോളം പേരെ കസ്റ്റഡിയിലെടുത്തു. പുന്നോലിലെ സി.പി.എം-ബി.ജെ.പി ഓഫിസുകളിലും പൊലീസ് റെയ്ഡ് നടത്തി.

സംശയകരമായ സാഹചര്യത്തില്‍ കണ്ടതും കൃത്യമായ രേഖകളില്ലാത്തതുമായ 23 വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. ജില്ല പൊലീസ് ചീഫ് കെ.പി. ഫിലിപ്പിന്‍െറ നേരിട്ടുള്ള നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രി 9.30ന് ആരംഭിച്ച റെയ്ഡ് ശനിയാഴ്ച പുലര്‍ച്ചെ മൂന്നുവരെ നീണ്ടു. ജില്ല പൊലീസ് മേധാവിക്കു പുറമേ തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, പാനൂര്‍ സി.ഐ കെ.എസ്. ഷാജി എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു കമ്പനി സായുധസേനയും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും റെയ്ഡില്‍ പങ്കെടുത്തു.

ന്യൂമാഹി, കൊമ്മല്‍ വയല്‍, ഇല്ലത്തുതാഴെ, ആച്ചുകുളങ്ങര എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡില്‍ പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഇവരില്‍ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട പ്രതികളുമുണ്ടെന്നാണ് സൂചന. കോടിയേരി പങ്കെടുത്ത പൊതുയോഗത്തിനുനേരെ ബോംബേറുണ്ടായതിനെ തുടര്‍ന്ന് പ്രദേശത്തുണ്ടായ സംഘര്‍ഷാവസ്ഥക്ക് അയവുവന്നിട്ടില്ല. ഇരുപക്ഷത്തെയും നേതാക്കള്‍ സമാധാനത്തിന് ആഹ്വാനം ചെയ്യുന്നുണ്ടെന്നതാണ് പ്രതീക്ഷനല്‍കുന്നത്.

പ്രദേശത്ത് പൊലീസ് പിക്കറ്റ് പോസ്റ്റുകളും മൊബൈല്‍ പട്രോളിങ്ങും ശക്തിപ്പെടുത്തിയിട്ടുണ്ട്. രാത്രിയില്‍ സംശയകരമായ സാഹചര്യത്തില്‍ കാണുവരെയെല്ലാം കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന് ഉന്നതങ്ങളില്‍നിന്ന് ലഭിച്ചിട്ടുള്ള നിര്‍ദേശം. രേഖകളില്ലാത്ത വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുക്കുന്നുണ്ട്.

Tags:    
News Summary - thalassery blast case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.