തിരുവനന്തപുരം: ഗവര്‍ണറുടെ അധികാരം വിദ്യാർഥികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകം പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിൽ ‘ജനാധിപത്യം; ഒരു ഇന്ത്യൻ അനുഭവം’ എന്ന തലക്കെട്ടിൽ എട്ടാം അധ്യായത്തിലാണ് ഗവർണറുടെ അധികാരം പഠിപ്പിക്കുന്നത്. ഭാരതാംബ ചിത്രവിവാദത്തെ തുടർന്ന് രാജ്ഭവനിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോക്ക് നടത്തുകയും ഗവർണറുമായി ഇടയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂൾ പാഠപുസ്തകങ്ങളിൽ ഗവർണറുടെ അധികാരം പഠിപ്പിക്കാൻ തീരുമാനിച്ചത്.
‘കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ സംഘര്‍ഷങ്ങള്‍’ എന്ന ഭാഗത്തിലാണ് ഗവർണറുടെ അധികാരം ഉൾപ്പെടുത്തിയത്. അച്ചടി പൂര്‍ത്തീകരിച്ച പുതിയ പുസ്തകം ബുധനാഴ്‌ച മന്ത്രി വി. ശിവന്‍കുട്ടി പുറത്തിറക്കി. ഗവർണർ സംസ്ഥാനത്തിന്‍റെ നാമമാത്ര തലവനാണെന്നും യഥാർഥ കാര്യനിർവഹണ അധികാരം നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രി തലവനായ മന്ത്രിസഭക്കാണെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. ഗവര്‍ണര്‍ അധികാരങ്ങള്‍ നിര്‍വഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമായിരിക്കണമെന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനമല്ല ഗവർണറുടേതെന്നും പാഠഭാഗത്തിൽ പറയുന്നു. ഗവർണറുടെ നിയമനിർമാണ, കാര്യനിർവഹണ, നീതിന്യായ, വിവേചന അധികാരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലെ സംഘർഷങ്ങൾ ജനാധിപത്യത്തിന് വെല്ലുവിളിയാകുന്നത് എങ്ങനെ എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കാനും പഠന പ്രവർത്തനത്തിന്റെ ഭാഗമായി നിർദേശിക്കുന്നുണ്ട്. ഒക്‌ടോബർ മുതലാണ് രണ്ടാംഭാഗ പുസ്‌തകങ്ങൾ പഠിപ്പിച്ചു തുടങ്ങേണ്ടത്. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചതെല്ലാം നടപ്പാക്കുകയാണെന്നും സര്‍ക്കാറിന്റേത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുന്ന രീതിയല്ലെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.