കോൺഗ്രസ് പ്രവർത്തകർക്കെതിരായ തീവ്രവാദി ആരോപണം; പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

ആലുവ: മൊഫിയ പർവീൻ ആത്മഹത്യ ചെയ്​ത സംഭവത്തിൽ പൊലീസിനെതിരെ സമരം നടത്തിയതിന് അറസ്‌റ്റിലായ കോൺഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദി ആരോപണം ഉന്നയിച്ച ആലുവ പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. അൻവർ സാദത്ത് എം.എൽ.എയാണ് പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

ഗാർഹിക പീഡനക്കേസിൽ പരാതിയുമായെത്തിയപ്പോൾ ആലുവ ഈസ്‌റ്റ് പൊലീസ് സ്റ്റേഷനിലെ സി.ഐ ആയിരുന്ന സുധീർ സ്‌റ്റേഷനിൽ വ്യക്തിപരമായി അധിക്ഷേപിച്ചതിനെ തുടർന്നാണ്​ മൊഫിയ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ നീതിതേടി കോൺഗ്രസ് പ്രവർത്തകർ നടത്തിയ ജനകീയ സമരത്തിൽ പങ്കാളികളായിരുന്ന കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻറ് അൽ അമീൻ അഷ്റഫ്, കോൺഗ്രസ് നേതാക്കളായ നെജീബ്, അനസ് എന്നിവരെ രാത്രി 1.30 ന് പിടികിട്ടാപ്പുള്ളികളെ പോലെ വീട് വളഞ്ഞാണ് അറസ്‌റ്റ് ചെയ്തത്.

തുടർന്ന് കോടതിയിൽ നൽകിയ റിമാൻഡ്​ റിപ്പോർട്ടിൽ ഇവർക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ചതായി എം.എൽ.എ പരാതിയിൽ ആരോപിക്കുന്നു. എന്നാൽ, നീതിക്കുവേണ്ടി കോൺഗ്രസ് നടത്തിയ സമരത്തിൽ പങ്കെടുത്ത ഇവരാരും തീവ്രവാദികളോ അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരോ അല്ല. ഇവരെല്ലാം വളരെ മാന്യമായി പൊതുപ്രവർത്തനം നടത്തുന്നവരും സമൂഹത്തിൽ അംഗീകാരമുള്ള സമരത്തിൽ പങ്കെടുത്ത യുവാക്കളാണ്. ഇങ്ങനെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ മേൽ തീവ്രവാദബന്ധം ആരോപിച്ച് കോടതിയിൽ റിപ്പോർട്ട് ചെയ്തത് വളരെ ഹീനവും ഗുരുതരവും കേരള പൊലീസിന്‍റെ മാന്യതക്ക് ചേരാത്ത പ്രവർത്തിയുമാണ്. ഇത്തരം ക്യത്യവിലോപത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി എം.എൽ.എ പറയുന്നു.

വിവരം ശ്രദ്ധയിൽപെട്ടയുടൻ റൂറൽ എസ്.പി കാർത്തിക്കിനെ വിവരം ധരിപ്പിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജനകീയ സമരം നടത്തിയ കോൺഗ്രസുകാരെ തീവ്രവാദികളാക്കി കോടതിയിൽ റിപ്പോർട്ടു നൽകിയത് പാർട്ടി പ്രവർത്തകരേയും സംഘടനയെയും അപമാനിക്കാനാണെന്ന് സംശയിക്കുന്നു. സർക്കാറിന്‍റെ അറിവോടു കൂടിയാണോ ഇത് നടന്നതെന്ന് വ്യക്തമാക്കണം.

രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നവർക്കെതിരെ ഇതുപോലെ ഗുരുതരമായ ആരോപണം നടത്തുന്ന പൊലീസിന്‍റെ അധാർമിക നടപടി സർക്കാർ ന്യായീകരിക്കുന്നുണ്ടോയെന്നും അറിയേണ്ടതുണ്ട്. യു.പിയിലെ യോഗിയുടെ പൊലീസ് നടത്തുന്നതിന് സമാനമായ പ്രവർത്തിയാണ് കേരള പൊലീസും നടത്തുന്നത്. ഇത്തരം പുഴുക്കുത്തുകളെ സർക്കാർ തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

കേരള പൊലീസിൽ ആർ.എസ്.എസ് കടന്നുകയറ്റമുണ്ടായിട്ടുണ്ടെന്ന് സി.പി.ഐ നേതാക്കളായ ആനി രാജയും ഡി. രാജയും ആക്ഷേപം ഉന്നയിച്ചിരുന്നു. ഇങ്ങനെയുള്ള സംഭവങ്ങളുണ്ടാകുമ്പോൾ ഇവർ പറഞ്ഞ ആക്ഷേപം പ്രസക്തമായിരിക്കുകയാണ്. വിവരവും വിദ്യാദ്യാസവുമുള്ള കേരള സമൂഹം പൊലീസിന്‍റെ ധിക്കാരപരവും ന്യായീകരണവുമില്ലാത്ത പ്രവർത്തികളെയും യാതൊരു വിധത്തിലും അംഗീകരിക്കുകയില്ല. റിമാൻഡ്​ റിപ്പോർട്ടിൽ കോൺഗ്രസ് പ്രവർത്തകരെ തീവ്രവാദ ബന്ധമുള്ളവരാണെന്ന് സൂചിപ്പിച്ച് റിപ്പോർട്ടു നൽകിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്‌ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പരാമർശം നീക്കണമെന്നും അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Terrorist allegations against Congress activists; Complaint to CM against police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.