സാമൂഹ്യ തിന്മകൾക്ക് ഏതെങ്കിലും മതത്തിന്‍റെ നിറം നൽകുന്ന പ്രവണത എതിർക്കപ്പെടണം -മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യ തിന്മകൾക്ക് ഏതങ്കിലും മതത്തിന്‍റെ നിറം നൽകുന്ന പ്രവണത എതിർക്കപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ് സാമൂഹത്തിനെതിരായ തിൻമകളിൽ ഏർപ്പെടുന്നത്. അതിനെ ഏതെങ്കിലും ഒരു വിഭാഗത്തോട് മാത്രം ചേർത്തു പറയുന്നത് പൊതുവായ ഐക്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വിദ്യാർഥി സമരത്തിന്‍റെ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വിദ്വേഷം കൊണ്ട് വിദ്വേഷത്തെ നീക്കാനാകില്ല. സ്‌നേഹം കൊണ്ടേ വിദ്വേഷത്തെ ഇല്ലാതാക്കാൻ കഴിയൂ. സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കരുത്. തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നത് സാമൂഹ്യ ഐക്യത്തെ ബാധിക്കും.

പ്രതിലോമകരമായ ആശയങ്ങളുടെ സംഘങ്ങളെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളായി വരെ വാഴ്ത്തുന്നവരുണ്ട്. അത് നമ്മുടെ തന്നെ സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കും. ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കാൻ ആരെയും അനുവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർഥി സമര വാർഷികദിനത്തിൽ തന്നെയാണ് ശ്രീനാരായണ ഗുരുവിന്‍റെ ഓർമദിനവും. സാമൂഹ്യ സാംസ്‌കാരിക മേഖലിയൽ ഗുരു ഉണ്ടാക്കിത്തീർത്ത മാറ്റങ്ങൾ ഈയവസരത്തിൽ ഓർക്കണം. ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കാൻ പഠിപ്പിച്ച ഗുരവിന്‍റെ ഓർമ പുതുക്കുന്ന ദിനത്തിൽ, ജാതിമത വിഭജനം നടത്തുന്നവരെ പ്രതിരോധിക്കുമെന്ന പ്രതിജ്ഞയാണ് നമ്മളെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - tendency of giving religious colour to social evils should be opposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.