കോഴിക്കോട്: സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിശ്ചിത നിർദേശങ്ങൾ പാലിച്ചുള്ള കാമറകൾ സ്ഥാപിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശത്തിൽ ബസുടമകൾക്ക് താൽക്കാലിക ആശ്വാസം. അംഗീകാരമില്ലാത്ത കാമറകൾ മാറ്റി സ്ഥാപിക്കുന്നതിന് നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി അവസാനിച്ചെങ്കിലും, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് പുതിയ ഉത്തരവിറക്കാൻ സാധിക്കാതെ വരികയായിരുന്നു. ഇതോടെ, പുതിയ സർക്കാർ അധികാരത്തിൽ വരുന്നത് വരെ നിലവിലെ സ്ഥിതി തുടരാനാണ് അധികൃതരുടെ തീരുമാനം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബസ്സുടമകൾക്ക് ഇത് വലിയ ആശ്വാസമാണ് പകരുന്നത്.
വാഹനങ്ങളുടെ മുന്നിലും പിന്നിലും അകത്തുമായി മൂന്ന് കാമറകൾ സ്ഥാപിക്കണമെന്നായിരുന്നു പ്രധാന നിർദേശം. ഏത് ഗുണനിലവാരത്തിലുള്ള കാമറകളാണ് വേണ്ടതെന്ന കൃത്യമായ മാർഗനിർദ്ദേശം പുറത്തുവരുന്നതിന് മുൻപേ പല ബസുടമകളും വിപണിയിൽ ലഭ്യമായ കാമറകൾ സ്ഥാപിച്ചിരുന്നു. തുടർന്ന്, സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി എ.ആർ.എ.ഐ, ഐ.സി.എ.ടി, സി.ഐ.ആർ.ടി തുടങ്ങിയ ഏജൻസികളുടെ അംഗീകാരമുള്ള കാമറകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് വാഹന വകുപ്പ് കർശന നിലപാടെടുത്തു. ഫിറ്റ്‌നസ് പരിശോധനക്ക് ഈ അംഗീകൃത കാമറകൾ നിർബന്ധമാക്കിയതോടെ ഉടമകൾ പ്രതിസന്ധിയിലായി.
നിലവിൽ സ്ഥാപിച്ച കാമറകൾ മാറ്റി പുതിയവ വാങ്ങുന്നത് വൻ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് ചൂണ്ടിക്കാട്ടി ഉടമകൾ കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ മാർച്ച് 31നകം മാറ്റം വരുത്തണമെന്ന മുൻ ഉത്തരവിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കാരണം തുടർനടപടികൾ സ്വീകരിക്കാൻ അതോറിറ്റിക്ക് കഴിഞ്ഞില്ല. പുതിയ ഉത്തരവ് വരുന്നത് വരെ പഴയ കാമറകൾ മാറ്റേണ്ടതില്ലെന്നും പരിശോധനകളിൽ കടുത്ത നടപടികൾ ഒഴിവാക്കാനുമാണ് മോട്ടോർ വാഹന വകുപ്പിന്റെ ഇപ്പോഴത്തെ നീക്കം. ഇതോടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സംബന്ധിച്ച ആശങ്കകൾക്കും താൽകാലിക പരിഹാരമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.