പ്രതീകാത്മക ചിത്രം
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം തൃശൂർ ജില്ല സെക്രട്ടറിക്ക് നോട്ടീസ് അയച്ച് ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). കേസ് വിചാരണ തുടങ്ങുന്ന ജൂലൈ 21ന് ജില്ല സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ പി.എ.എൽ.എം കോടതിയിൽ ഹാജരാകാനാണ് നിർദേശം.
കേസിൽ 68ാം പ്രതിയായി സി.പി.എമ്മിനെയാണ് കക്ഷി ചേർത്തിരിക്കുന്നത്. ഇതനുസരിച്ചാണ് അബ്ദുൽ ഖാദർ കോടതിയിൽ എത്തേണ്ടത്. സംസ്ഥാനത്ത് ആദ്യമായാണ് രാഷ്ട്രീയ കക്ഷിയെ കേസിൽ കക്ഷി ചേർക്കുന്നത്. അതേസമയം, സി.പി.എം മുൻ ജില്ല സെക്രട്ടറിമാരായ കെ. രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ, എം.എം. വർഗീസ് എന്നിവരും കേസിൽ പ്രതികളാണ്.
എന്നാൽ, കേന്ദ്ര ഏജൻസിയായ ഇ.ഡി സി.പി.എമ്മിനെ 68-ാം പ്രതിയാക്കിയത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് കെ.വി. അബ്ദുൽ ഖാദർ പറഞ്ഞു. ഇത് ജനാധിപത്യവിരുദ്ധമാണെന്നും ജനാധിപത്യ വിശ്വാസികൾ ഈ നീക്കത്തെ ചെറുത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചില വ്യക്തികൾ നടത്തിയ കള്ളപ്പണ ഇടപാടിൽ രാഷ്ട്രീയപ്പാർട്ടിയെ പ്രതിചേർക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. കള്ളപ്പണ കേസിൽ ഇ.ഡി കാണിക്കുന്നത് ഇരട്ടത്താപ്പാണ്. ബി.ജെ.പി നേതാക്കൾ പങ്കാളികളായ കൊടകര കള്ളപ്പണ കേസിൽ ഇ.ഡി എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും അബ്ദുൽ ഖാദർ ചോദിച്ചു.
നേരത്തെ, കെ. രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ, എം.എം. വർഗീസ് അടക്കമുള്ള നേതാക്കൾ കോടതിയിൽ ഹാജരായിരുന്നു. സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസിൽ സി.പി.എം പാർട്ടി ഉൾപ്പെടെയുള്ള മുഴുവൻ പ്രതികൾക്കെതിരെയും പ്രഥമദൃഷ്ടാ തെളിവ് ഉണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ. വിചാരണക്ക് മുന്നോടിയായാണ് പ്രതികൾ കോടതിയിൽ ഹാജരാകേണ്ടത്.
കരുവന്നൂർ ബാങ്കിൽ 2012 -13 കാലത്ത് സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ കോടികളുടെ വായ്പാക്രമക്കേട് നടത്തി എന്നതാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.