കൊച്ചി: നിയമന മാനദണ്ഡങ്ങളും പ്രതിഫലവും സംബന്ധിച്ച ഹരജി തീർപ്പാകുന്നത് വരെ താൽക്കാലിക ലൈഫ് ഗാർഡുമാരെ സർവിസിൽനിന്ന് ഒഴിവാക്കരുതെന്ന് ഹൈകോടതി. ലൈഫ് ഗാർഡുമാർക്ക് മതിയായ ആനുകൂല്യങ്ങൾ നൽകണമെന്നും കൃത്യമായ നിയമന മാനദണ്ഡം ഉണ്ടാക്കണമെന്നുമാവശ്യപ്പെട്ട് ചെറായി ബീച്ചിലെ ലൈഫ് ഗാർഡുമാരായ സി. മഹേശൻ, പി.ജെ. സുരേഷ്, പി.ജി. സ്മിറാജ് എന്നിവർ നൽകിയ ഉപ ഹരജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഇടക്കാല ഉത്തരവ്.
ബീച്ചുകളിൽ അപകടത്തിൽപെടുന്ന വിനോദസഞ്ചാരികളെ രക്ഷിക്കാൻ ചുമതലയുള്ള ലൈഫ് ഗാർഡുമാർക്ക് മെഡിക്കൽ ഇൻഷുറൻസ് പോലുമില്ലെന്ന് ചൂണ്ടിക്കാട്ടി ഡിസംബറിലാണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്.
ഈ ഹരജി സിംഗിൾ ബെഞ്ച് പരിഗണിക്കുന്നതിനിടെ പുതിയ ലൈഫ് ഗാർഡുമാരെ നിയമിക്കാൻ ടൂറിസം വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് ചോദ്യം ചെയ്താണ് ഉപഹരജി നൽകിയത്. ഹരജിക്കാരുടെ കാര്യത്തിൽ തൽസ്ഥിതി തുടരാൻ നിർദേശിച്ച കോടതി ഹരജി വീണ്ടും മേയ് 25ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.