സാങ്കേതിക സർവകലാശാല: പരീക്ഷ നടത്തിപ്പിനുള്ള കരാറിലും നടത്തിപ്പിലും ഗുരുതര ക്രമക്കേടെന്ന് എ.ജി യുടെ റിപ്പോർട്ട്‌

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ പരീക്ഷ നടത്തിപ്പിനുള്ള ഈഗവർണനൻസ് കരാറിലും നടത്തിപ്പിലും ഗുരുതര ക്രമക്കേടെന്ന് അക്കൗണ്ടൻറ് ജനറലിന്റെ (എ.ജി) യുടെ റിപ്പോർട്ട്‌. സാങ്കേതിക സർവകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ നൽകുന്നത് സർക്കാർ ഉത്തരവുകളുടെ ലംഘനമാണെന്നും, അരക്കോടി രൂപയിൽ കൂടുതലുള്ള ഐ.ടി പ്രോജക്ടുകൾ സംസ്ഥാന സർക്കാരിൻറെ ഐ.ടി വകുപ്പിന്റെ അനുമതി കൂടാതെ നടപ്പാക്കിയത് ഗുരുതര വീഴ്ചയാണെന്നും എ.ജി അന്വേഷണത്തിൽ കണ്ടെത്തി.

നാലുവർഷ കാലാവധികഴിഞ്ഞ് ഒരുവർഷം പിന്നിട്ടിട്ടും പുനസംഘടിപ്പിക്കാതെ സർവകലാശാല സിണ്ടിക്കേറ്റ് തുടരുന്നതായ ആക്ഷേപം നിലനിൽക്കുമ്പോഴാണ് ആഡിറ്റ് റിപ്പോർട്ടിലെ വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരം എ.ജി യിൽ നിന്നും ലഭ്യമായത്. റിപ്പോർട്ട്‌ ഇതേവരെ വിസി ക്ക്‌ കൈമാറാതെ പൂഴ്ത്തിവച്ചതായി ആരോപണമുണ്ട്.

കെൽട്രോണിന് ഈ ഗവർണൻസിന് നൽകിയ കരാർ സർവകലാശാലയുടെ അനുമതി കൂടാതെ കെൽട്രോൺ ഓസ്പിൻ ടെക്നോള ജി എന്ന ഒരു സ്വകാര്യ കമ്പനിക്ക് ഉപകരാർ നൽക്. അവർ നിയോഗിക്കുന്ന ജീവനക്കാരുടെ യോഗ്യതയും കഴിവും സർവകലാശാല പരിശോധിക്കാതെയും യാതൊരു മേൽനോട്ടവും കൂടാതെയും പരീക്ഷ സംബന്ധമായ സോഫ്റ്റ്‌വെയർ ജോലികൾ ചെയ്യുന്നത് ഗുരുതര വീഴ്ചയാണെന്നും എ.ജി കണ്ടെത്തി.

സിൻഡിക്കേറ്റ് മെമ്പറായ പി.കെ. ബിജു എ.കെ.ജി സെന്ററിലേക്കും, സി.ഐ.ടി.യു ഓഫീസിലേക്കും പോകുന്നതിനായി സാങ്കേതിക സർവകലാശാലയുടെ വാഹനങ്ങൾ സ്ഥിരമായി ദുരുപയോഗം ചെയ്യുന്നതായും വ്യക്തമായി. സ്റ്റാ ട്യൂട്ടറിഉദ്യോഗസ്ഥന്മാർ ഉപയോഗിക്കേണ്ട സർവകലാശാല വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവർ ദുരുപയോഗം ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു.

രജിസ്ട്രാറുടെനിയന്ത്രണത്തിലുള്ള വാഹനങ്ങളുടെ അനുബന്ധ ലോഗ് റെക്കോർഡുകൾ കൈകാര്യം ചെയ്യുന്ന കൺട്രോളിങ്  ഓഫീസറായി നിയമിച്ചിരിക്കുന്നത് ഒരു ക്ലാസ് ഫോർ ജീവനക്കാരനെയാണെന്നും ആഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കി. മുൻ വി.സി ഡോ. രാജശ്രീയും പി.വി.സി ഡോ. അയ്യൂബും ചട്ട വിരുദ്ധമായി വീട്ടുവാടക ബത്തയും ശമ്പളപരിഷ്കരണ കുടിശ്ശികയുമായി 18 ലക്ഷം രൂപ അനധികൃതമായി കൈപ്പറ്റിയതായി എ.ജി കണ്ടെത്തി.

സർവ്വകലാശാലയിലെ ഇടതുപക്ഷ സംഘടനയുടെ പ്രസിഡന്റ് ആയിരുന്ന ഹരികൃഷ്ണന് ശമ്പള കുടിശ്ശിക ഇനത്തിൽ അനധികൃതമായി കൈപ്പറ്റിയ 88,000 രൂപ തിരിച്ചടപ്പിക്കാതെ അദ്ദേഹത്തിന് വിരമിക്കൽ അനുവദിച്ചത് ഗുരുതര വീഴ്ചയാണ്. ഇത് 18 ശതമാനം പലിശയോട് കൂടി തുക തിരിച്ചടപ്പിക്കണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് യാതൊരു നിയമങ്ങളും പാലിക്കാതെയും കൃത്യത ഇല്ലാതെയുമാണ് കൈകാര്യം ചെയ്യുന്നതെന്നും, കുറ്റപ്പെടുത്തി. സി.പി.എം സംഘടനാ നേതാവ് കൈപ്പറ്റിയ തുക തിരിച്ചുവാങ്ങാൻ സർവകലാശാല ഇതുവരെ തയാറായിട്ടില്ല.

എംപ്ലോയമെന്റ് എക്സ് ചേഞ്ച്ലൂടെയല്ലാതെ കരാർ ജീവനക്കാരെ സി.എൻ.വി ആക്ടിനു വിരുദ്ധമായി നേരിട്ട് നിയമിച്ചതും അവർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള വേതനത്തിന് അധികമായ വേതനമായി 9.25 കോടി രൂപ നൽകിയതും ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സാങ്കേതിക സർവകലാശാലയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ വിശദമായ അന്വേഷണം നടത്താനും സാമ്പത്തിക ക്രമക്കേടുകൾ തടയാനും വൈസ് ചാൻസലർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യു നിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി  ഗവർണർക്ക് നിവേദനം നൽകി.

Tags:    
News Summary - Technical University: AG's report that there was serious irregularity in the contract and conduct of the examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.