തിരുവനന്തപുരം: അധ്യാപകർക്ക് ഓണക്കാലത്ത് കൂട്ടത്തോടെ ശമ്പളം മുടങ്ങുമെന്ന് ആശങ്ക. ജീവനക്കാരെ വെട്ടിക്കുറച്ച അക്കൗണ്ടന്റ് ജനറലിന്റെ (ഏജീസ്) ഓഫിസ് പ്രവർത്തനങ്ങൾ സ്തംഭിച്ചതാണ് ഇവർക്ക് വിനയായത്. ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലം മാറ്റശേഷം പുതിയ വിദ്യാലയങ്ങളിൽ നിന്ന് ശമ്പളം മാറുന്നതിന് അക്കൗണ്ടന്റ് ജനറൽ ഓഫിസ് ശമ്പള സ്ലിപ് പുതുക്കി നൽകണം.
അതുവരെ മുമ്പ് ജോലി ചെയ്ത വിദ്യാലയത്തിൽനിന്ന് ലഭിച്ച ലാസ്റ്റ് പേ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ശമ്പളം മാറാം. മേയിൽ നടന്ന ട്രാൻസ്ഫറിനു ശേഷം മേയ്, ജൂൺ, ജൂലൈ മാസത്തെ ശമ്പളമാണ് ഇത്തരത്തിൽ മാറാൻ കഴിഞ്ഞത്.
എന്നാൽ, സെപ്റ്റംബറിൽ ലഭിക്കുന്ന ആഗസ്റ്റ് മാസത്തെ ശമ്പളം ഇങ്ങനെ മാറാൻ കഴിയില്ല. ഇതിനായി ശമ്പള സ്ലിപ് പുതുക്കി ലഭിക്കേണ്ടതുണ്ട്. ഏജീസ് ഓഫിസിൽ പല സെക്ഷനുകളിലും ആളില്ലാത്തത് ശമ്പള സ്ലിപ് പുതുക്കി അയക്കുന്ന ജോലികളെ ബാധിച്ചിട്ടുണ്ട്. അയ്യായിരത്തോളം അധ്യാപകർക്കാണ് ശമ്പള സ്ലിപ് പുതുക്കി ലഭിക്കാനുള്ളത്. ഇതര വകുപ്പുകളിൽ സ്ഥലംമാറ്റത്തിന് വിധേയരായവർക്കും ഏജീസ് ഓഫിസിലെ ആളില്ലാ പ്രശ്നം പ്രതിസന്ധിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.