അധ്യാപികക്ക് ശമ്പളം ലഭിക്കാത്തതിന് ഭർത്താവ് ജീവനൊടുക്കിയ സംഭവം: മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: അധ്യാപികയായ ഭാര്യക്ക് 14 വര്‍ഷമായി ശമ്പളമില്ലാത്തതിനെ തുടർന്ന് ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ഓഫിസിലെ പി.എ എൻ.ജി. അനിൽകുമാർ, സൂപ്രണ്ട് എസ്. ഫിറോസ്, സെക്ഷൻ ക്ലർക്ക് ആർ. ബിനി എന്നിവരെയാണ് അന്വേഷണ വിധേയമായി ഉടൻ പ്രാബല്യത്തിൽ സസ്​പെൻഡ് ചെയ്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടത്.

പത്തനംതിട്ട നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയായ ലേഖ രവീന്ദ്രന് 14 വർഷമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് ഭർത്താവ് ഷിജോ ഇന്നലെ ആത്മഹത്യ ​ചെയ്തത്. ഇവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥരെ സസ്​പെൻഡ് ചെയ്യുകയായിരുന്നു. ലേഖ രവീന്ദ്രന്റെ യു.പി.എസ്.ടി തസ്തികയിലെ നിയമനം ഉപാധികളോടെ അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി 26/11/2024 ന് റിട്ട് ഹർജിയിൽ വിധിന്യായം പുറപ്പെടുവിച്ചിരുന്നു.

ഇവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും മൂന്നു മാസത്തിനുള്ളിൽ വിതരണം ചെയ്യാൻ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഈ കോടതി വിധി പരിശോധിച്ച് ചട്ടപ്രകാരം നടപടി സ്വീകരിക്കുന്നതിന് ഈ വർഷം ജനുവരി 17ന് സർക്കാർ, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതിൽ തുടർനടപടി ഒന്നും സ്വീകരിക്കാതെ വിഷയവുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കി. സ്പാർക്ക് ഓതന്റിക്കേഷന് സ്കൂൾ പ്രധാനാധ്യാപിക നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാതെ വെച്ച് താമസിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ പി.എ, സൂപ്രണ്ട്, സെക്ഷൻ ക്ലർക്ക് എന്നിവർ വീഴ്ച വരുത്തിയതായി പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ചെയ്തു. 

Tags:    
News Summary - Teacher's husband commits suicide over unpaid salary: Three officials suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.