കോഴിക്കോട്: നികുതി വെട്ടിച്ചെന്ന പരാതിയിൽ ഇടത് എം.എൽ.എ പി.വി അൻവറിനെതിരെ അന്വേഷണം. ആദാനി നികുതി വകുപ്പാണ് അന്വേഷണം ആരംഭിച്ചത്. ആദായ നികുതി കോഴിക്കോട് യൂനിറ്റിനാണ് അന്വേഷണ ചുമതല.
ആസ്തിക്ക് അനുസരിച്ചുള്ള നികുതി അൻവർ അടക്കുന്നില്ലെന്നാണ് മുരുേകശ് നരേന്ദ്രൻ എന്നയാൾ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. രണ്ട് വാട്ടർ തീം പാർക്കുകൾ, മഞ്ചേരിയിൽ ഇന്‍റർനാഷണൽ സ്കൂൾ, വില്ലാ പ്രൊജക്ട് എന്നിവ കൂടാതെ മറ്റ് വരുമാന മാർഗങ്ങളും ഉണ്ട്. കഴിഞ്ഞ 10 വർഷമായി ശരിയായ നികുതി അടക്കുന്നില്ലെന്നും അന്വേഷണം നടത്തി നികുതി ഇടാക്കാൻ നടപടി സ്വീകരിക്കണമെന്നും മാർച്ച് 24ന് നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ, 2014-15 കാലയളവിൽ തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലത്തിൽ പ്രതിവർഷം വരുമാനം നാലു ലക്ഷം രൂപയാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. 2015ലാണ് കക്കാടംപൊയിലിലെ വാട്ടർ തീം പാർക്ക് സ്ഥിതി ചെയ്യുന്ന 12 ഏക്കർ ഭൂമി 25 ലക്ഷം രൂപക്കാണ് അൻവർ സ്വന്തമാക്കിയത്. ഈ ഇടപാടിൽ ഭാര്യ അഫ്സത്തും പങ്കാളിയാണ്.
എന്നാൽ, ഇടപാടിൽ ഭാര്യയുടെ പാൻ കാർഡ് സംബന്ധിച്ച വിവരങ്ങൾ ചേർത്തിട്ടില്ല. വലിയ ഇടപാടുകൾ നടത്തുമ്പോൾ പാൻ കാർഡ് വിവരങ്ങൾ കാണിക്കണമെന്നാണ് ആദായ നികുതി ചട്ടം നിർദേശിക്കുന്നത്. പരാതി സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ മുരുേകശ് നരേന്ദ്രനോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.