ജപ്പാനിൽ ട്രെയിൻ അപകടത്തിൽ മരിച്ച ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു; സംസ്കാരച്ചടങ്ങുകൾ നാളെ

കണ്ണൂർ: ജപ്പാനിൽ ട്രെയിൻ തട്ടി മരണപ്പെട്ട കണ്ണൂർ സ്വദേശി വി. ദേവികയുടെ (22) ചിതാഭസ്മം ജന്മനാട്ടിലെത്തിച്ചു. ഒക്ടോബർ 15-ന് പുലർച്ചെ 2.30-ഓടെ വിമാനമാർഗ്ഗം തിരുവനന്തപുരത്തെത്തിച്ച ചിതാഭസ്മം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഏജൻസിയായ നോർക്ക റൂട്ട്സ് അധികൃതർ ഏറ്റുവാങ്ങുകയായിരുന്നു. തുടർന്ന് തീവണ്ടി മാർഗ്ഗമാണ് ചിതാഭസ്മം കണ്ണൂരിലേക്ക് കൊണ്ടുപോയത്.

നാളെ രാവിലെ 9 മണിക്ക് ഇരിട്ടി പടിയൂരിലെ കുടുംബവീട്ടിൽ വെച്ച് ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫ് ചിതാഭസ്മം ബന്ധുക്കൾക്ക് കൈമാറും. ദേവികയുടെ ഭൗതികശരീരം നാട്ടിലെത്തിക്കാൻ സാങ്കേതികവും പ്രായോഗികവുമായ ബുദ്ധിമുട്ടുകൾ നേരിട്ട സാഹചര്യത്തിൽ കുടുംബത്തിന്റെ പൂർണ്ണ സമ്മതത്തോടെയാണ് ജപ്പാനിൽ വെച്ച് തന്നെ സംസ്കാരച്ചടങ്ങുകൾ നടത്തിയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ജപ്പാനിലെ ഇന്ത്യൻ എംബസി, വേൾഡ് മലയാളി ഫെഡറേഷൻ ജപ്പാൻ പ്രതിനിധി അനിൽ രാജ്, നിഹോൺ കൈരളി സംഘടനാ പ്രതിനിധി അജയ് പീതാംബരൻ എന്നിവരുടെ സമയബന്ധിതമായ ഇടപെടലുകളാണ് നടപടികൾ വേഗത്തിലാക്കിയത്.

ജപ്പാൻ അധികൃതരുമായും പ്രാദേശിക മലയാളി സമൂഹവുമായും നിരന്തരം ബന്ധപ്പെട്ട് സംസ്കാരച്ചടങ്ങുകൾ നടത്തുന്നതിനും, ചിതാഭസ്മം സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും പ്രവാസി പ്രതിനിധികളായ അനിൽ രാജും അജയ് പീതാംബരനും മുൻകൈ എടുത്തു.മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നോർക്ക റൂട്ട്സ് വിഷയത്തിൽ ഇടപെട്ടത്.

Tags:    
News Summary - ജപ്പാനിൽ ട്രെയിൻ അപകടത്തിൽ മരിച്ച ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു; സംസ്കാരച്ചടങ്ങുകൾ നാളെ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.