അഴിമതി ആരോപണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല, അന്വേഷണവുമായി സഹകരിക്കാൻ സി.പി.എം തയാറാകണം; മാസപ്പടിക്കേസിൽ വാദങ്ങൾ അപ്രസക്തമെന്ന് സണ്ണി ജോസഫ്
തിരുവനന്തപുരം: പിണറായി വിജയൻ, മകൾ ടി. വീണ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർ നൽകിയ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ ഇവർക്കെതിരായ അഴിമതി ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന സി.പി.എമ്മിന്റെ വാദം അപ്രസക്തമായെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ചുള്ള ഡിവിഷൻ ബെഞ്ചിന്റെ വിധി സി.പി.എം നേതൃത്വത്തിന്റെയും അണികളുടെയും കണ്ണുതുറപ്പിക്കാൻ പര്യാപ്തമാണ്.
കോടതിവിധികളെ രാഷ്ട്രീയ പ്രേരിതമെന്ന് മുദ്രകുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമങ്ങൾ വിലപ്പോവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് കോടതികളുടെയും വിധികൾ ഉൾക്കൊണ്ട് അന്വേഷണവുമായി സഹകരിക്കാനും നിയമനടപടികളെ നേരിടാനും സി.പി.എം നേതൃത്വം തയാറാകണം. അഴിമതി ആരോപണങ്ങൾ ഉയരുമ്പോൾ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്ന സമീപനം ജനാധിപത്യത്തോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്. നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയാണെന്ന യാഥാർഥ്യം സി.പി.എം അംഗീകരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
അതേസമയം, മാസപ്പടി ഹവാല കേസുകളിൽ പിണറായി വിജയൻ അടക്കമുള്ളവർക്ക് ഹൈകോടതിയിൽ തിരിച്ചടി. അഴിമതിയിൽ കേസ് എടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള അനുമതി അപേക്ഷ ഡിവിഷൻ ബെഞ്ച് തള്ളി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പ്രതികളെ കേൾക്കേണ്ടതില്ലെന്നും നിയമപരമായ അവകാശങ്ങളുടെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി. മതിയായ തെളിവുണ്ടെങ്കിൽ പ്രാഥമിക അന്വേഷണം വേണ്ടെന്ന ഹൈകോടതി നിലപാട് സർക്കാറിനേറ്റ തിരിച്ചടി കൂടിയായി. ഇ.ഡി കത്തിൽ അഴിമതി തടയൽ നിയമ പ്രകാരം കേസെടുക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് നടപടി നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും അപ്പീൽ നൽകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി. വീണ അടക്കമുള്ളവർ ഹൈകോടതിയെ സമീപിച്ചത്.
കേസിൽ എതിർകക്ഷിയല്ലാത്ത തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നായിരുന്നു വാദം. എന്നാൽ, പ്രതിഭാഗം ഉയർത്തിയ എല്ലാ വാദങ്ങളും തള്ളിയാണ് അപ്പീൽ അനുമതി ഡിവിഷൻ ബെഞ്ച് തള്ളിയത്. കേസ് എടുക്കാൻ നിർദേശിച്ച ജസ്റ്റിസ് എ. ബദറുദ്ദീനിന്റെ ഉത്തരവ് പ്രതികളുടെ നിയമപരമോ, ഭരണഘടനാപരമോ ആയ അവകാശത്തെ ബാധിക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.