തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുേമ്പാഴും ഭീമമായ ഇന്ധനനികുതി കുറയ്ക്കുന്ന കാര്യത്തിൽ സർക്കാറിന് മിണ്ടാട്ടമില്ല. ഒരു ലിറ്റർ ഡീസൽ വിലയിൽ 24.52 ശതമാനമാണ് കെ.എസ്.ആർ.ടി.സിയിൽനിന്ന് നികുതിയിനത്തിൽ ഈടാക്കുന്നത്. ലാഭത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ പലതിനും അഞ്ച് ശതമാനം മാത്രമായി ഇന്ധനനികുതി പരിമിതപ്പെടുത്തി നൽകുമ്പോഴാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആർ.ടി.സിയിൽനിന്ന് ഉയർന്ന നിരക്കിലെ നികുതി പിഴിയൽ.
ഇന്ധനനികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി കത്ത് നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. നഷ്ടം കുറയ്ക്കുമെന്നും ലാഭത്തിലാക്കുമെന്നുമൊക്കെ ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങൾക്കും കുറവില്ല. ലിറ്ററിന് 59.22 രൂപ നിരക്കിലാണ് കെ.എസ്.ആർ.ടി.സിക്ക് ഇപ്പോൾ ഇന്ധനം ലഭിക്കുന്നത്. പ്രതിദിനം 4.5 ലക്ഷം ലിറ്റർ ഡീസലാണ് ആവശ്യം. 24.52 ശതമാനം നികുതിയടക്കം 2.66 കോടി രൂപയാണ് പ്രതിദിന ചെലവ്. ഒരു ലിറ്ററിന് 15.24 രൂപയാണ് കെ.എസ്.ആർ.ടി.സി അധികമായി നൽകുന്നത്.
24.52 ശതമാനം നികുതിക്ക് പുറമേ ഒരുശതമാനം സെസും 0.5 ശതമാനം അഡീഷനൽ സെസും ഇൗടാക്കുന്നുണ്ട്. ഫലത്തിൽ 26 ശതമാനം നികുതി-സെസ് ഇനത്തിൽ വസൂലാക്കുന്നുണ്ട്. 24.52 ശതമാനം നികുതി കുറച്ചാൽ ലിറ്ററിന് 43.98 രൂപയേ ചെലവ് വരൂ. നികുതി ഇനത്തിൽ മാത്രം കെ.എസ്.ആർ.ടി.സിയിൽനിന്ന് പ്രതിദിനം 68.58 ലക്ഷം രൂപയാണ് സർക്കാർ ഈടാക്കുന്നത്. ഒരുമാസം 20.57 കോടി രൂപയും.
അഞ്ച് ശതമാനമായി നികുതി പരിമിതപ്പെടുത്തിയാൽ 2.50 രൂപ നികുതിയടക്കം 46.48 രൂപയേ ലിറ്ററിന് ചെലവാകൂ. ഇത് പ്രകാരം പ്രതിദിന ആവശ്യത്തിനുള്ള 4.5 ലക്ഷം ലിറ്ററിന് 2.00 കോടി രൂപയേ ചെലവ് വരൂ. ഇന്ധനനികുതി സംബന്ധിച്ച് മാനേജ്മെൻറിന് പുറമേ ഗതാഗതവകുപ്പും സർക്കാറിന് ശിപാർശനൽകിയെന്നാണ് അറിയുന്നത്. അടിക്കടിയുണ്ടാകുന്ന ഇന്ധനവില വർധന കോർപറേഷെൻറ നിലനിൽപിനെതന്നെ പ്രതികൂലമായി ബാധിക്കുകയാണ്. നേരത്തെ ഇന്ധനം വാങ്ങിയ വകയിൽ അടക്കം ലക്ഷക്കണക്കിന് രൂപ കെ.എസ്.ആർ.ടി.സി നൽകാനുണ്ട്.
‘അളവ് നോക്കുന്നത് അഞ്ച് ലിറ്ററിെൻറ കന്നാസിൽ ഇന്ധനംനിറച്ച്’
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പമ്പുകളിൽ ഇേപ്പാഴുമുള്ളത് കാലഹരണപ്പെട്ട മെക്കാനിക്കൽ മീറ്ററുകൾ. പമ്പിൽനിന്ന് ബസുകളിൽ ഇന്ധനം നിറയ്ക്കുന്നത് കൃത്യമാണോ എന്ന് ഉറപ്പുവരുത്താൻ പരിശോധനകളും നടക്കുന്നില്ല. അഞ്ച് ലിറ്ററിെൻറ കന്നാസിൽ എണ്ണ നിറച്ചശേഷം മീറ്ററിൽ കാണുന്നത് ശരിയാണോ എന്ന് ഇടയ്ക്ക് നോക്കുന്നത് മാത്രമാണ് ആകെയുള്ള പരിശോധന. പമ്പുകളിൽ ഉപയോഗിക്കുന്ന മീറ്ററുകൾ പരിഷ്കരിക്കണമെന്ന് വർഷങ്ങളായി ആവശ്യമുണ്ട്. നിലവിലുള്ള മീറ്ററുകളുടെ കൈകാര്യാവകാശം പൂർണമായും ഇന്ധന കമ്പനികൾക്കാണ്. ഒാർഡിനറി ബസുകൾക്ക് 75-80 ലിറ്റർ ഇന്ധനമാണ് വേണ്ടിവരുന്നത്. ദീർഘദൂര ബസുകൾ 150 മുതൽ 200 ലിറ്റർ വരെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.