കുറ്റിപ്പുറം: തവനൂരിലെ വൃദ്ധസദനത്തിൽ മരിച്ച മൂന്ന് അന്തേവാസികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്. നേരത്തെ, മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാതെ സംസ്കരിക്കാൻ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
കാളി, വേലായുധൻ എന്നിവരുടെ മൃതദേഹങ്ങൾ തവനൂർ ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. അതേസമയം, മരണപ്പെട്ട ക്രിസ്റ്റഫറിന്‍റെ മൃതദേഹം സഹോദരൻ ഏറ്റുവാങ്ങി. താലിശേരി സ്വദേശി പട്ടത്തിൽ പറമ്പിൽ കാളി 45 വർഷം മുമ്പാണ് വീടുവിട്ട് പോയത്. മാധ്യമങ്ങളിലൂടെ മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് മകൻ സുബ്രഹ്മണ്യനും മറ്റ് ബന്ധുക്കളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. അന്തേവാസികളുടെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് പൊലീസ് അറിയിച്ചു.
ആരോഗ്യ മന്ത്രി നിർദേശം നൽകിയതിനെ തുടർന്ന് സാമൂഹ്യക്ഷേമ വകുപ്പ് ജില്ലാ ഒാഫീസർ വൃദ്ധ സദനത്തിൽ എത്തിയിരുന്നു. വൃദ്ധ സദനത്തിലെ അന്തേവാസികൾ മരണപ്പെടുമ്പോൾ പോസ്റ്റ് മോർട്ടം ചെയ്യാതെ സംസ്കരിക്കുന്നുവെന്ന ആക്ഷേപം വകുപ്പു തലത്തിൽ അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
മരണം വാർധക്യസഹജമായ അസുഖം മൂലമെന്ന് പോസ്റ്റുേമാർട്ടം റിപ്പോർട്ട്
വൃദ്ധസദനത്തിലെ അന്തേവാസികളുടെ മരണം വാർധക്യസഹജമായ അസുഖം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതോടെ മരണത്തിൽ ദുരൂഹതയില്ലെന്നും അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും കുറ്റിപ്പുറം എസ്.ഐ ബഷീർ സി. ചിറക്കൽ പറഞ്ഞു. ഞായറാഴ്ച രാത്രി ഒരാളും തിങ്കളാഴ്ച പുലർച്ച മൂന്ന് പേരുമാണ് മരിച്ചത്.
ആരോഗ്യവകുപ്പ്, പൊലീസ് എന്നിവരെ അറിയിക്കാതെ ഒരു മൃതദേഹം വേഗത്തിൽ സംസ്കരിച്ചതിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയ നാട്ടുകാർ മറ്റ് മൂന്ന് മൃതദേഹങ്ങൾ സംസ്കരിക്കുന്നത് തടയുകയായിരുന്നു. ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാർ സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
മരിച്ച കൃഷ്ണ ബോസിെൻറ സഹോദരൻ മെഡിക്കൽ കോളജിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി. കാളി, വേലായുധൻ എന്നിവരെ തവനൂർ ശ്മശാനത്തിൽ സംസ്കരിച്ചു. 45 വർഷം മുമ്പ് കാണാതായ പെറ്റമ്മയുടെ മൃതദേഹം സംസ്കരിക്കുന്ന ചടങ്ങിൽ കാളിയുടെ മകനും ബന്ധുക്കളും വാർത്ത അറിഞ്ഞെത്തിയിരുന്നു.
സംഭവം അന്വേഷിക്കുന്ന സാമൂഹികനീതി വകുപ്പ് ജില്ല മേധാവി ടി.എസ്. തസ്നീമിെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ തവനൂർ വൃദ്ധസദനത്തിലെത്തി സൂപ്രണ്ട്, ജീവനക്കാർ, അന്തേവാസികൾ എന്നിവരിൽനിന്ന് മൊഴിയെടുത്തു. അന്തേവാസികളുടെ മരണരേഖകൾ സൂക്ഷിക്കുന്നതിലും മരണം ഡോക്ടറെ വിളിച്ച് സ്ഥിരീകരിക്കുന്നതിലും വീഴ്ച വരുത്തിയതായി സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.