ടാറ്റ ആശുപത്രി: രണ്ടു വർഷം കഴിഞ്ഞിട്ടും വഖഫിനു പകരം ഭൂമി നൽകിയില്ല

കാസർകോട്: ടാറ്റാ കോവിഡ് ആശുപത്രിക്ക് വഖഫ് നൽകിയ ഭൂമിക്ക് പകരം ഭൂമി നൽകാനുണ്ടാക്കിയ കരാർ രണ്ടു വർഷം കഴിഞ്ഞിട്ടും നടപ്പാക്കിയില്ല.

ചട്ടഞ്ചാൽ തെക്കിലിൽ ഇസ്ലാമിക് കോംപ്ലക്സിന്‍റെ അധീനതയിലുണ്ടായ 4.12 ഭൂമി ടാറ്റാ ആശുപത്രിക്ക് വിട്ടുനൽകിയത് 2020 ഏപ്രിൽ 17നാണ്. അന്നത്തെ കാസർകോട് ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബുവും മലബാർ ഇസ്ലാമിക കോംപ്ലക്സ് (എം.ഐ.സി) പ്രസിഡന്‍റ് ജിഫ്രി മുത്തുകോയ തങ്ങളും തമ്മിലുണ്ടാക്കിയതാണ് കരാർ.

ടാറ്റ കോവിഡ് ആശുപത്രിക്ക് വിട്ടുനൽകിയ അത്രയും ഭൂമി എം.ഐ.സി(വഖഫിനു)ക്ക് വിട്ടുകൊടുക്കുമെന്നാണ് കലക്ടറുണ്ടാക്കിയ കരാർ. എന്നാൽ, ഇത്തരമൊരു കരാർ കലക്ടർക്കുണ്ടാക്കാൻ അധികാരമില്ല എന്ന് റവന്യൂ അധികൃതർ വ്യക്തമാക്കിയതോടെ കരാർ നടപ്പാക്കാനായില്ല. 50 സെന്‍റു ഭൂമി മാത്രമാണ് കലക്ടർക്ക് പതിച്ചുനൽകാൻ അധികാരമുള്ളത്. കരാറുണ്ടാക്കാൻ കലക്ടർക്ക് സർക്കാർ അനുമതിയുമുണ്ടായിരുന്നില്ല. അതേസമയം, വഖഫ് ബോർഡ് ടാറ്റ ആശുപത്രിക്ക് ഭൂമി വിട്ടുനൽകിയത് 1958ലെ റിലിംക്വിഷ്മെന്‍റ് ആക്ട് പ്രകാരമാണ്.

ഈ നടപടി ക്രമത്തിൽ 'പകരം ഭൂമി' പരാമർശിച്ചിട്ടുണ്ട് എങ്കിലും കേരള ഭൂനിയമത്തിൽ പകരം ഭൂമി നൽകുന്ന നടപടിക്രമമില്ല എന്ന് റവന്യൂ വൃത്തങ്ങൾ വ്യക്തമാക്കി. കരാറുണ്ടാക്കിയ മുൻ കലക്ടർ സജിത്ബാബു കരാർ രേഖ റവന്യു വകുപ്പിലേക്ക് അയച്ചുവെങ്കിലും അത് തിരിച്ചയച്ചു. തുടർന്ന് വഖഫ് ഭൂമിയുടെ ഉടമകളായ എം.ഐ.സി ഭാരവാഹികൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പകരം ഭൂമിയുടെ കാര്യം അവതരിപ്പിച്ചു. നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.

എന്നാൽ, ഇതുവരെ നടപടിക്രമങ്ങൾ മുന്നോട്ടുപോയില്ല. കലക്ടറുണ്ടാക്കിയ കരാറിനു റവന്യുവകുപ്പിന് ഉത്തരവാദിത്തമില്ലെന്ന നിലപാടാണ് റവന്യൂ ഉന്നത ഉദ്യോഗസ്ഥർക്ക്. 'വഖഫ് മന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ട് സംസാരിച്ചിരുന്നു. പകരം ഭൂമി ലഭ്യമാക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും നടപടിയായില്ല. പെരുന്നാളിനു ശേഷം ഭൂമി പകരം ലഭിക്കാൻ സമരമാർഗങ്ങൾ ആലോചിക്കുമെന്ന് എം.ഐ.സി സെക്രട്ടറി ടി.ഡി. കബീർ പ്രതികരിച്ചു. കോവിഡ് രോഗികൾക്കും കോവിഡാനന്തരം മികച്ച ചികിത്സാ കേന്ദ്രമാക്കുമെന്നും പറഞ്ഞ് തുടങ്ങിയ ആശുപത്രി ഇപ്പോൾ അനാഥമായിരിക്കുകയാണ്.

Tags:    
News Summary - Tata Hospital: After two years, no land was given to replace the Waqf board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.