മുംബൈയിൽ പോയ താനൂർ പൊലീസ് തിരിച്ചെത്തി; പെൺകുട്ടികൾ കെയർ ഹോമിൽ തുടരുന്നു

താനൂർ: താനൂരിൽനിന്ന് രണ്ടു പെൺകുട്ടികളെ കാണാതായ സംഭവത്തിൽ തുടര​ന്വേഷണത്തിന് മുംബൈയിലേക്ക് പുറപ്പെട്ട പൊലീസ് അന്വേഷണസംഘം തിരിച്ചെത്തി. അന്വേഷണത്തിൽ പുരോഗതിയുള്ളതായി പൊലീസ് പറഞ്ഞു. എസ്.ഐ പി. സുഗേഷ് കുമാർ, സീനിയർ സി.പി.ഒ എ. ഷമീർ എന്നിവരായിരുന്നു അന്വേഷണത്തിനായി മുംബൈയിലേക്ക് പുറപ്പെട്ടത്.

മുംബൈയിൽ കുട്ടികൾ കയറിയ ബ്യൂട്ടി പാർലർ, കുട്ടികളെ കണ്ടെത്തുന്നതിനായി സഹായിച്ച മുംബൈയിലെ മലയാളി സമാജം പ്രവർത്തകർ എന്നിവരിൽനിന്ന് പരമാവധി വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

കുട്ടികളുടെ കൂടെ യാത്രയിലുണ്ടായിരുന്ന, ഇപ്പോൾ റിമാൻഡിലുള്ള അക്ബർ റഹീമിന് മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലുള്ള പങ്ക് അന്വേഷണ വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ പോക്സോ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഇതിനിടെ അക്ബർ റഹീം ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. പൊലീസ് സംഘം മുംബൈയിലേക്ക് പോയിരിക്കുകയാണെന്നും തിരികെ എത്തുന്നതുവരെ കാത്തിരിക്കണമെന്നുമുള്ള പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചതിനെതുടർന്ന് ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടരന്വേഷണത്തിന് ഇയാളെ ഇപ്പോൾ കസ്‌റ്റഡിയിൽ വാങ്ങുന്നില്ല. പെൺകുട്ടികൾ മലപ്പുറത്തെ കെയർ ഹോമിൽ തുടരുകയാണ്.

Tags:    
News Summary - Tanur police who went to Mumbai return; girls remain in care home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.