പത്തനംതിട്ട: സെപ്റ്റംബർ 14ന് നടന്ന അഷ്ടമി രോഹിണി വള്ളസദ്യ ദേവന് നേദിക്കും മുമ്പ് ദേവസ്വം മന്ത്രിക്ക് വിളമ്പിയത് ആചാര ലംഘനമെന്ന് കാണിച്ച് തന്ത്രിയുടെ കത്ത്. ദേവസ്വം ബോർഡിന് അയച്ച കത്തിൽ പരിഹാരക്രിയയും നിർദേശിക്കുന്നുണ്ട്. നിവേദ്യച്ചടങ്ങുകൾ ക്ഷേത്രത്തിൽ പൂർത്തിയാകും മുമ്പ് ദേവസ്വം മന്ത്രി ഉൾപ്പെടെ ആനക്കൊട്ടിലിൽ എത്തി വള്ള സദ്യയുടെ ഉദ്ഘാടനം നിർവഹിച്ചെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ദേവന് നേദിക്കും മുമ്പ് ദേവസ്വം മന്ത്രിക്ക് വിളമ്പിയത് ആചാര ലംഘനമാണെന്നും വിമർശനമുയർന്നു.
പള്ളിയോട സേവാ സമിതിയുൾപ്പെടെ ആരോപണം തള്ളിയിരുന്നു. ആചാര ലംഘനം നടന്നില്ലെന്നായിരുന്നു സമിതിയുടെ വിശദീകരണം. മന്ത്രിക്കും മറ്റുള്ളവര്‍ക്കും മറ്റുതിരക്കുകളുണ്ടായതിനാലാണ് ആദ്യം സദ്യ വിളമ്പിയതെന്നും അവർ വിശദീകരിച്ചു. എന്നാൽ ആറന്മുള ക്ഷേത്രത്തിന്‍റെ ചുമതലയുള്ള തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ഒക്ടോബര്‍ 12ന് ദേവസ്വം ബോർഡിനയച്ച കത്തിൽ ഗുരുതര ആചാര ലംഘനം നടന്നുവെന്ന് പറയുന്നു. ഉച്ചപൂജക്ക് മുമ്പ് സദ്യ വിളമ്പിയെന്നും അത് ആചാരത്തിന് വിരുദ്ധമാണെന്നും കത്തിൽ പറയുന്നു. ഇതിന് പരിഹാരക്രിയ ചെയ്യണമെന്നും തന്ത്രി ആവശ്യപ്പെട്ടു.
ക്ഷേത്രത്തിലെ ഉപദേശക സമിതി അംഗങ്ങൾ, പള്ളിയോടം സേവാ സമിതി അംഗങ്ങൾ, ഭരണച്ചുമതലയുള്ള ദേവസ്വം ഉദ്യോഗസ്ഥർ ഉൾപ്പെടെ പരസ്യമായി ഉരുളിവെച്ച് എണ്ണപ്പണം സമർപ്പിക്കണം. 151 പറ അരിയുടെ സദ്യയാണ് അഷ്ടമി രോഹിണി നാളിൽ ക്ഷേത്രത്തിൽ തയാറാക്കുന്നത്. പരിഹാരക്രിയയുടെ ഭാഗമായി 11 പറ അരിയുടെ സദ്യയുണ്ടാക്കണം. ഒരുപറ അരിയുടെ നിവേദ്യവും നാല് കറികളും നല്‍കണം. ദേവന് സദ്യ സമര്‍പ്പിച്ചശേഷം എല്ലാവര്‍ക്കും വിളമ്പണമെന്നും തന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ ഇനി അബദ്ധം ഉണ്ടാകില്ലെന്നും വിധിപരമായി സദ്യ നടത്തിക്കോളാമെന്ന് സത്യം ചെയ്യണമെന്നും തന്ത്രിയുടെ കത്തില്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.