താനൂരിലെത്തിയ സി.ബി.ഐ, ഫോറൻസിക് സംഘങ്ങൾ പൊലീസ് ക്വാർട്ടേഴ്സ് പരിസരത്ത്
പരിശോധന നടത്തുന്നു
താനൂർ/മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതകക്കേസ് അന്വേഷണഭാഗമായി സി.ബി.ഐ സംഘം വീണ്ടും താനൂരിലെത്തി. പ്രാഥമികാന്വേഷണം പൂർത്തിയാക്കി ഒരു മാസത്തിന് ശേഷമാണ് ശാസ്ത്രീയ തെളിവ് ശേഖരണത്തിനായി വ്യാഴാഴ്ച രാവിലെ പത്തരയോടെ ഡിവൈ.എസ്.പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘം താനൂരിലെത്തിയത്. ഹൈദരാബാദ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
നേരത്തേ അന്വേഷണഭാഗമായി ക്രൈംബ്രാഞ്ച് സംഘം സീൽ ചെയ്ത പൊലീസ് ക്വാർട്ടേഴ്സിൽ സംഘം വിശദ പരിശോധന നടത്തി. താമിർ ജിഫ്രിക്ക് ക്വാർട്ടേഴ്സിൽ ക്രൂരമർദനമേറ്റെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ ശാസ്ത്രീയ പരിശോധന നടത്തിയത്. ഇവിടെ നിന്ന് രക്തസാമ്പിളുകളും, വിരലടയാളങ്ങളും ശേഖരിച്ചു. കേസിലെ സാക്ഷികളായ ചേളാരി സ്വദേശി മൻസൂർ, തിരൂരങ്ങാടി സ്വദേശി കെ.ടി. മുഹമ്മദ് എന്നിവരെ സി.ബി.ഐ വിളിച്ച് വരുത്തിയിരുന്നു. താമിർ ജിഫ്രിക്ക് നേരിട്ട മർദനം ഇവർ വിവരിച്ചു. യുവാക്കളെ ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്ത ആലുങ്ങലിലെ വാടകമുറിയിലും താനൂർ പൊലീസ് ക്വാർട്ടേഴ്സിലും പൊലീസ് സ്റ്റേഷനിലും താമിർ ജിഫ്രിക്ക് സംഭവിച്ചത് നേരിട്ട കണ്ട യുവാക്കൾ കേസിലെ പ്രധാന സാക്ഷികളാണ്. താമിർ ജിഫ്രിയെ മർദിക്കുന്നത് നേരിട്ട് കണ്ടെന്ന് നേരത്തെ യുവാക്കൾ മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയിരുന്നു.
താനൂർ പൊലീസ് സ്റ്റേഷനിലും സംഘം പരിശോധന നടത്തി. താമിർ ജിഫ്രിയുടെ സഹോദരന്റെ മൊഴി സി.ബി.ഐ വീണ്ടും രേഖപ്പെടുത്തുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ വർഷം ആഗസ്റ്റ് ഒന്നിനായിരുന്നു നിരോധിത രാസലഹരിയായ എം.ഡി.എം.എ കൈവശം വെച്ചെന്ന കേസിൽ തിരൂരങ്ങാടി മമ്പുറം സ്വദേശി താമിർ ജിഫ്രിയെയും കൂടെയുള്ളവരെയും മലപ്പുറം എസ്.പിയുടെ കീഴിലുള്ള ലഹരിവിരുദ്ധ കർമസേനയായ ഡാൻസാഫ് ടീം കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് ഒന്നിന് പുലർച്ചെ താമിർ ജിഫ്രി മരിച്ചു. ക്രൂരമർദനമേറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ മർദനത്തെത്തുടർന്നാണ് മരണമെന്നായിരുന്നു ആരോപണം. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഡാൻസാഫ് ടീമംഗങ്ങളായ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു.
നാല് പൊലീസുകാർക്കെതിരെ കൊലപാതക കുറ്റവും ചുമത്തി. പ്രതിഷേധം ശക്തമായതോടെയാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.