ചെന്നൈ: ആദായ നികുതി വകുപ്പ് രാജ്യത്തെ ഏറ്റവും വലിയ നികുതിവെട്ടിപ്പ് കണ്ടെത്തിയ ചെന്നൈയിലെ എസ്.പി.കെ ഗ്രൂപ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ ബിനാമി സ്ഥാപനമെന്ന് സൂചന. എസ്.പി.കെ ഗ്രൂപ് ഉടമ നാഗരാജൻ സെയ്യാദുരൈയും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉറ്റ അടുപ്പക്കാരാണ്.
രാജ്യത്ത് റെയ്ഡിൽ പിടികൂടുന്ന ഏറ്റവും ഉയർന്ന അനധികൃത സമ്പാദ്യമാണ് എസ്.പി.കെ ഗ്രൂപ് സ്ഥാപനങ്ങളിൽനിന്ന് കണ്ടെത്തിയത്- 163 കോടി രൂപയും 101 കിലോ സ്വർണവും. തമിഴ്നാട്ടിലെ ഹൈവേ-റോഡ് നിർമാണം ഉൾപ്പെടെ കരാറുകൾ ഏറ്റെടുത്ത് നടപ്പാക്കുന്ന കമ്പനിയാണ് എസ്.പി.കെ. ‘ഒാപറേഷൻ മണി പാർക്കിങ്’ എന്ന് പേരിട്ട റെയ്ഡ് തിങ്കളാഴ്ച രാവിലെ മുതൽ ചെന്നൈ, മധുര, അറുപ്പുക്കോട്ട, വെല്ലൂർ തുടങ്ങി 22 ഒാളം സ്ഥലങ്ങളിലായിട്ടായിരുന്നു. പിടിച്ചെടുത്ത പണം 2000 രൂപയുടെ വൻ കറൻസി ശേഖരമായാണ് സൂക്ഷിച്ചിരുന്നത്.
മക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലായാണ് ഇത് കണ്ടെത്തിയത്. സെയ്യാദുരൈയുടെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് ആഡംബര കാറുകളിലും കറൻസി ശേഖരം കണ്ടെത്തി. ഇതിനു പുറമെ നിരവധി നിർണായക രേഖകളും ഡയറികളും കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ചെന്നൈ ചെത്പെട്ടിൽ റോഡരികിൽ നിർത്തിയിട്ട കമ്പനി വക കാറിൽനിന്ന് 30 കോടി രൂപ പിടികൂടി.
റെയ്ഡ് ഇന്നും തുടരും
ചെന്നൈ: റെയ്ഡ് ബുധനാഴ്ചയും തുടരുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. സെയ്യാദുരൈയുടെ ഉടമസ്ഥതയിലുള്ള എസ്.പി.കെ സ്പിന്നേഴ്സ്, ശ്രീബാലാജി ടോൾവേസ്, എസ്.പി.കെ ആൻഡ് കോ എക്സ്പ്രസ്വേ തുടങ്ങിയ സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്. എടപ്പാടി പളനിസാമി ൈകകാര്യം ചെയ്യുന്ന പൊതുമരാമത്ത്, ഹൈവേ, തുറമുഖം തുടങ്ങിയ വകുപ്പുകൾക്കു കീഴിലുള്ള മുഴുവൻ കരാറുകളും എസ്.പി.കെ ഗ്രൂപ്പിനെയാണ് ഏൽപിച്ചിരുന്നത്. തമിഴ്നാട്ടിലെ ഹൈവേ റോഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിന് 3000 കോടി രൂപയുടെ കരാറാണ് നൽകിയത്.
ജയലളിത മുഖ്യമന്ത്രിയായിരുന്ന സമയത്തും എടപ്പാടി പളനിസാമി തന്നെയാണ് പൊതുമരാമത്ത് ഉൾപ്പെടെ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത്. ജയലളിതയുടെ മരണത്തിനുശേഷം മുഖ്യമന്ത്രിയായപ്പോഴും വകുപ്പുകൾ വിട്ടുകൊടുത്തില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കാൻ ബി.ജെ.പി ആഗ്രഹിച്ചിരുന്നു.എന്നാൽ, അണ്ണാ ഡി.എം.കെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. റെയ്ഡ് നടപടികൾക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.