ചവറയില്‍ ഷിബു ബേബി ജോണ്‍, കുന്നത്തൂരില്‍ ഉല്ലാസ് കോവൂർ; നാല് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആർ.എസ്.പി

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആർ.എസ്.പി. നാല് സീറ്റിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായ ഷിബു ബേബി ജോണ്‍ ചവറയില്‍ മത്സരിക്കും. കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും ഇരവിപുരത്ത് വിഷ്ണു മോഹനും ആറ്റിങ്ങലില്‍ സന്തോഷ് ഭദ്രനുമാണ് സ്ഥാനാര്‍ഥികള്‍. യു.ഡി.എഫിലെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനമാണിത്. അഞ്ച് സീറ്റുകളിൽ ആർ.എസ്.പി മത്സരിക്കുമെന്നും അറിയിച്ചു.

അഞ്ചാമത്തെ സീറ്റിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. കാഞ്ഞങ്ങാട് സീറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും കോൺഗ്രസ് അതിന്‍റെ ആലോചനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നു തന്നെ അഞ്ചാമത്തെ സീറ്റിന്‍റെ കാര്യത്തിൽ തീരുമാനമാകുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. സാധാരണയായി മട്ടന്നൂർ സീറ്റിലാണ് ആർ.എസ്.പി മത്സരിക്കുന്നത്. എന്നാൽ ഇത്തവണ മട്ടന്നൂർ വേണ്ടെന്നാണ് തീരുമാനം.

അതേസമയം, ആർ.എസ്.പി സംസ്ഥാന കമ്മറ്റി യോഗത്തിലും സെക്രട്ടറിയേറ്റ് യോഗത്തിലും ഇരവിപുരം സ്ഥാനാർഥിയെച്ചൊല്ലി രൂക്ഷമായ വാക്കേറ്റമാണുണ്ടായിരുന്നു. വലിയൊരു വിഭാഗം എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ് തർക്കത്തിനിടയാക്കിയത്. സെക്രട്ടറി എ.എ. അസീസും മുൻ സെക്രട്ടറി ഷിബു ബേബിജോണും ഇതിനെ ശക്തമായി എതിർത്തു. ഒടുവിൽ സമവായ സ്ഥാനാർഥിയായാണ് വിഷ്ണു മോഹനെ തീരുമാനിച്ചത്.

ആർ.എസ്.പിയുടെ നാല് സ്ഥാനാർഥികളിൽ രണ്ട് പേരും പാർട്ടിയുടെ യുവജന സംഘടന നേതാക്കളാണ്. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റാണ് ഉല്ലാസ് കോവൂർ. ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയാണ് അഡ്വ. വിഷ്ണു മോഹന്‍. സി.പി.എം സിറ്റിങ് എം.എൽ.എ എം. നൗഷാദ് തന്നെയാണ് ഇരവിപുരത്ത് എൽ.ഡി.എഫ് സ്ഥാനാര്‍ഥി.

Tags:    
News Summary - RSP announces four candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.