‘ചെറ്റത്തരം’, ‘വീട്ടിൽ പോയി ചോദിക്ക്..’; വാ വിട്ട് പിണറായി

തിരുവനന്തപുരം: ‘ചെറ്റത്തരം’ മുതൽ ‘വീട്ടിൽ പോയി ചോദിക്കണം’ വരെ മുഖ്യമന്ത്രിയുടെ അതിരുവിട്ട പരാമർശങ്ങളിൽ മിണ്ടാനും വിഴുങ്ങാനുമാകാതെ സി.പി.എം. പദപ്രയോഗങ്ങൾ വിവാദമായിട്ടും തിരുത്താൻ തയാറായില്ലെന്ന് മാത്രമല്ല, പതിവുപോലെ പറഞ്ഞതിലുറച്ച് ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. ‘നികൃഷ്ട ജീവി’യും ‘പരനാറി’യുമടക്കം സി.പി.എമ്മിനെ തിരിഞ്ഞു കൊത്തിയ വാക്പിഴകൾക്ക് സമാനമാണ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ പുതിയ പ്രയോഗ വിവാദങ്ങൾ. മറുഭാഗത്ത് സി.പി.എമ്മിന്‍റെ ധിക്കാരമനോഭാവമാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമർശനം കടുപ്പിക്കുമ്പോഴും അദ്ദേഹം പറഞ്ഞതിലുറച്ചു നിൽക്കുന്നതാണ് പാർട്ടിക്കും മുന്നണിക്കും പ്രതിസന്ധി. എതിരാളികൾക്കെതിരെ ജാഗ്രതയോടെ ആശയപരമായ രാഷ്ട്രീയ കരുനീക്കങ്ങൾ നടത്തേണ്ട നിർണായക ഘട്ടത്തിലാണ് പ്രയോഗവിവാദങ്ങളിലെ ഊരാക്കുടുക്ക്.

സംസ്ഥാന രാഷ്ട്രീയത്തിൽ ‘കരുത്തനായ നേതാവ്’ എന്ന പ്രതിച്ഛായ നിലനിർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിക്കുന്ന ശൈലി പലപ്പോഴും ധിക്കാരപരമാണെന്നാണ് വിമർശനം. ‘കടക്ക് പുറത്ത്’ എന്ന പ്രയോഗം മുതൽ പൊതുയോഗത്തിൽ ചോദ്യം ചോദിക്കാൻ മുതിർന്ന സ്വന്തം പാർട്ടിക്കാരനോട് ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന് തിരിച്ചടിച്ചതിലേക്കുള്ള രാഷ്ട്രീയ ദൂരത്തിനിടെ സമാനമായ ഒന്നിലധികം ഉദാഹരണങ്ങളുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണി തോല്‍വിയില്‍ സി.പി.എമ്മിനെ ശക്തമായി വിമർശിച്ച ഗീവർഗീസ് മാർ കൂറിലോസിനെതിരെ ‘‘പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകും’’ എന്ന മുഖ്യമന്ത്രിയുടെ പരിഹാസമായിരുന്നു ഈ ശൃംഖലയിലെ മറ്റൊന്ന്.

ഇതിനിടെ ജി. സുധാകരനെതിരെയുള്ള ‘ചെറ്റത്തരം’ പരാമർശത്തിലെ രാഷ്ട്രീയ ശരികേടും ചർച്ചയായി. ദരിദ്രരുടെ താമസസ്ഥലത്തെയാണ് ‘ചെറ്റ’ എന്നതുകൊണ്ട് സൂചിപ്പിക്കുക. പിന്നീട് മേൽജാതി സവർണബോധം ദരിദ്രരുടെ ജീവിതാവസ്ഥകളെ അധിക്ഷേപിക്കാനായി ഈ വാക്ക് മാറ്റിയെടുക്കുകയായിരുന്നു. ഈ പ്രയോഗങ്ങളെ പിണറായി വിജയനെ പോലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എതിരാളിക്കുനേരെ ഉപയോഗിച്ചതാണ് വിമർശനവിധേയമാകുന്നത്.

‘ചെറ്റ എന്ന് വിളിച്ചിട്ടില്ല’

ജി. സുധാകരനെ ചെറ്റ എന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം നടത്തിയ രാഷ്ട്രീയ വഞ്ചനയെ താന്‍ ചെറ്റത്തരമെന്ന് പറഞ്ഞത് മറ്റൊരു തരത്തില്‍ പ്രചരിപ്പിച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സുധാകരന്‍ സി.പി.എമ്മിനെ വഞ്ചിക്കുകയാണ് ചെയ്ത്. ഇങ്ങനെ ചെയ്യുന്നതിനെ മറ്റെന്ത് പേരിലാണ് പറയുക. ചെറ്റ എന്ന വാക്ക് എപ്പോഴാണ് അശ്ലീലമായതെന്ന് മനസ്സിലാകുന്നില്ല. ചില്ലറ വോട്ടിനും നാലുസീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങളെന്ന് ഞാൻ നടത്തുന്ന പ്രസംഗങ്ങളിൽ പണ്ടു മുതൽ പറയുന്നതാണ്. കോന്നിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ചോദ്യം ചോദിച്ച പ്രവര്‍ത്തകനോട് വീട്ടില്‍ പോയി ചോദിക്കെന്ന് മറുപടി നൽകിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, സാധാരണ ഓരോ കാര്യത്തിലും പാലിക്കുന്ന മര്യാദയുണ്ടെന്നും അത് പാലിക്കാത്തതു കൊണ്ടാണ് അങ്ങനെ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ആവേശത്തിന്റെ ഭാഗമായിട്ടുണ്ടായതണത്- പിണറായി കൂട്ടിച്ചേർത്തു.

Tags:    
News Summary - Take your filth back to your home; Pinarayi lashes out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.