കൊച്ചി: കൊച്ചിൻ മിനറൽസ് ആൻഡ് റൂൈട്ടൽസ് ലിമിറ്റഡ് (സി.എം.ആർ.എൽ)-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ ടി. വീണ വീണ്ടും ഇ.ഡിക്ക് മുന്നില്‍ ഹാജരായി.
രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി വീണ ഇ.ഡിക്കു മുന്നിലെത്തുന്നത്. നേരത്തെ, തിങ്കളാഴ്ചക്കുള്ളില്‍ ഹാജരാവാനായിരുന്നു ഇ.ഡി നോട്ടീസ് നല്‍കിയിരുന്നത്. എന്നാൽ, കേസിൽ നിർണായകമായ 134 രേഖകൾ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിൽനിന്ന് (എസ്.എഫ്.ഐ.ഒ) ഇ.ഡിക്കു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വീണയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
വീണയുടെ ഇന്നത്തെ ചോദ്യം കേസിൽ ഏറെ നിർണായകമാണ്. ഇ.ഡി ആവശ്യപ്പെട്ട പ്രകാരമാണ് വീണ ഇന്ന് ഹജരായതെന്നാണ് വിവരം. ചോദ്യം ചെയ്യൽ 10.30ന് തുടങ്ങും. ഈ മാസം 17ന് വീണയെ ഇ.ഡി ആറുമണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ചിരുന്ന ഡിജിറ്റൽ രേഖകളുടെ സോഫ്റ്റ് കോപ്പിയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ) പ്രത്യേക കോടതി വഴി ഇ.ഡി കൈപ്പറ്റിയത്. ടി. വീണയും സി.എം.ആർ.എല്ലും തമ്മിൽ ഒപ്പുവെച്ച വിവാദപരമായ കരാറുകൾ, വീണയുടെ ആദായനികുതി റിട്ടേണുകൾ, എക്സാലോജിക്കിന്റെ സാമ്പത്തിക ഇടപാട് വിവരങ്ങൾ തുടങ്ങിയ സുപ്രധാന രേഖകളാണ് കേന്ദ്ര ഏജൻസിക്ക് ലഭ്യമായത്. എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിന്റെ ഭാഗമായ ഈ രേഖകൾ ഇ.ഡിക്ക് കൈമാറുന്നത് തടയാൻ സി.എം.ആർ.എൽ ശ്രമിച്ചിരുന്നു.
അവരുടെ തടസ്സവാദങ്ങൾ തള്ളി രേഖകൾ കൈമാറാൻ ഹൈകോടതി ഉത്തവിട്ടിരുന്നു. എന്നിട്ടും നടപടിക്രമങ്ങൾ പൂർത്തിയാക്കി രേഖകൾ ലഭിക്കാൻ കാലതാമസം നേരിട്ടതിനാലാണ് ഇത്രയും വൈകിയത്. കേസുമായി ബന്ധപ്പെട്ട് ഇതിനുമുമ്പ് രണ്ടു തവണ വീണയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം എച്ച്.ഡി.എഫ്.സി ബാങ്കിലെ വീണയുടെ ലോക്കറും പരിശോധിച്ചിരുന്നു. സി.എം.ആർ.എൽ കമ്പനിയിൽനിന്ന് വീണക്ക് 2016 മുതൽ 2021 വരെ കാലയളവിൽ പ്രതിമാസം എട്ട് ലക്ഷം രൂപ വെച്ച് 2.78 കോടി രൂപയും സി.എം.ആർ.എല്ലിന്‍റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യ കാപിറ്റലിൽനിന്ന് 50 ലക്ഷം വായ്പയും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.