സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്താന്‍ ശ്രമം; ആറ് മെത്രാപ്പോലീത്തമാരെ  സസ്പെന്‍ഡ് ചെയ്തു

കോലഞ്ചേരി: സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു. മോര്‍ യൂജിന്‍ കപ്ളാന്‍ (വെസ്റ്റേണ്‍ അമേരിക്കന്‍ ബിഷപ്), മോര്‍ സെവേറിയോസ് മല്‍ക്കി മുറാദ്(ഇസ്രായേല്‍-ഫലസ്തീന്‍-ജോര്‍ഡന്‍), മോര്‍ സെവേറിയോസ് ഹസില്‍സൗമി (ബെല്‍ജിയം, ഫ്രാന്‍സ്, ലക്സംബര്‍ഗ്), മോര്‍ മിലിത്തിയോസ് മുല്‍ക്കി (ആസ്ട്രേലിയ, ന്യൂസിലന്‍ഡ്), മോര്‍ ബര്‍ത്തലേമസ് നഥാനിയല്‍ (അറബ് നാടുകള്‍), മോര്‍ ഓസ്താത്തിയോസ് മത്താറോഹം എന്നിവരെയാണ് സിറിയയിലെ ആഗോള സുന്നഹദോസ് സസ്പെന്‍ഡ് ചെയ്തത്. ഇതോടെ ഇവര്‍ക്ക് ആത്മീയ അധികാരങ്ങള്‍ ഇല്ലാതായി. 

ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പദവിക്കും അന്തസ്സിനും അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ ഭരണഘടനവിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് ആഗോള സുന്നഹദോസിന്‍െറ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ ആയതുമുതല്‍ ഇപ്പോള്‍ നടപടി നേരിട്ടവര്‍ വിമത പ്രവര്‍ത്തനം നടത്തുകയായിരുന്നു. പാത്രിയര്‍ക്കീസ് ബാവ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മോര്‍ കപ്ളാനെ മുന്നില്‍ നിര്‍ത്തിയായിരുന്നു കരുനീക്കം. സുന്നഹദോസിലടക്കം സഭ പാരമ്പര്യങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ മേലധ്യക്ഷനെ ആക്ഷേപിക്കുന്ന തരത്തില്‍ ഇവര്‍ പെരുമാറുകയും ചെയ്തിരുന്നു. ഇതിനിടെ പാത്രിയര്‍ക്കീസ് ബാവയെ അറിയിക്കാതെ ബെല്‍ജിയത്തിലെ യൂഹാനോന്‍ ഐദിന് പട്ടം നല്‍കിയത് പ്രശ്നങ്ങള്‍ വഷളാക്കി. ഇദ്ദേഹത്തെ സഭയില്‍നിന്ന് മുടക്കി സുന്നഹദോസ് കല്‍പനയിറക്കിയിട്ടുണ്ട്. മലങ്കരയിലെ പ്രാദേശിക നേതൃത്വത്തിന് കൂടുതല്‍ അധികാരാവകാശങ്ങള്‍ ആവശ്യപ്പെട്ട് കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ മെത്രാപ്പോലീത്ത സംഘം തിങ്കളാഴ്ച പാത്രിയര്‍ക്കീസ് ബാവയെ കാണാനിരിക്കെയാണ് സംഭവം. കൂടിക്കാഴ്ചക്ക് ഇപ്പോള്‍ നടപടി നേരിട്ടവരും എത്തുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. 

കൂടുതല്‍ അധികാരവകാശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള മലങ്കര സംഘത്തിന്‍െറ വരവിന് പിന്നില്‍ ഇവരുടെ പിന്തുണയുണ്ടെന്ന് വ്യക്തമായതോടെയാണ് ആറ് പേര്‍ക്കെതിരെയും നടപടി വേഗത്തിലാക്കാന്‍ സുന്നഹദോസ് തീരുമാനിച്ചതെന്നാണ് സഭ ആസ്ഥാനത്തുനിന്ന് ലഭിക്കുന്ന സൂചന. മലങ്കരയില്‍നിന്നുള്ള ചില മെത്രാപ്പോലീത്തമാര്‍ മോര്‍ കപ്ളാനുമായി കഴിഞ്ഞയാഴ്ച അമേരിക്കയില്‍ കൂടിക്കാഴ്ച നടത്തിയത് ഇതിന്‍െറ ഭാഗമായിരുന്നുവത്രേ. പ്രമുഖ സുവിശേഷ ഗ്രൂപ്പുകാരനും പങ്കെടുത്ത ചര്‍ച്ചയില്‍ മലങ്കരയില്‍ പുതിയ സഭയുണ്ടാക്കാന്‍ ഏകദേശ ധാരണയുമായിരുന്നുവെന്നും വിവരമുണ്ട്.

Tags:    
News Summary - syrian orthodox

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.