‘പോറ്റിയേ കേറ്റിയേ...’ പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; അയ്യപ്പന്‍റെ പേര് ഉപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന്

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ സി.പി.എമ്മിനും എൽ.ഡി.എഫിനും തിരിച്ചടിയായി മാറിയെന്ന് വിലയിരുത്തിയ ‘പോറ്റിയേ കേറ്റിയേ...’ പാരഡിപ്പാട്ടിന്‍റെ അണിയറ ശിൽപ്പികൾക്കെതിരെ കേസെടുത്ത് പൊലീസ്. പാട്ടിനെതിരെ തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് സൈബർ പൊലീസ് കേസെടുത്തത്.

ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല, ഗായകൻ ഡാനിഷ് മലപ്പുറം, ഗാനം ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിർമാതാവ് സുബൈർ പന്തല്ലൂർ എന്നിങ്ങനെ നാലുപേരെ പ്രതിചേർത്താണ് ബുധനാഴ്ച രാത്രി തിരുവനന്തപുരം സൈബർ സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രസാദിന്‍റെ പരാതിയിൽ ഗാനരചയിതാവിന്‍റെ പേര് കുഞ്ഞുപിള്ള എന്ന് രേഖപ്പെടുത്തിയതിനാൽ എഫ്.ഐ.ആറിലും അതുതന്നെയാണ് ചേർത്തത്. ഭക്തിഗാനത്തെയും ശരണമന്ത്രത്തേയും അപമാനിക്കുംവിധം മതവിശ്വാസികൾക്കിടയിൽ വിദ്വേഷം വളർത്തി മതസൗഹാർദം ഇല്ലായ്മ ചെയ്യുന്ന വിധമാണ് ഗാനം നിർമിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

നവമാധ്യമങ്ങൾ വഴിയും നേരിട്ടും പ്രചരിപ്പിച്ച് സമൂഹത്തിൽ സമാധാന ലംഘനം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഗാനം നിർമിച്ചതെന്നും പരാതിക്കാരനും മറ്റ് ഭക്തർക്കും മതവിശ്വാസത്തെ ദോഷകരമായി ബാധിച്ചെന്ന നിലയിലുമാണ് ഭാരതീയ ന്യായ സൻഹിത (ബി.എൻ.എസ്) 2023 പ്രകാരം 299, 353(1)(സി) വകുപ്പുകൾ ചുമത്തി കേസെടുത്തത്.

സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതി എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് കൈമാറിയിരുന്നു. തുടർന്ന് കേരള പൊലീസിന്റെ സൈബർ ഓപറേഷൻ വിങ്ങിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അയ്യപ്പന്‍റെ പേര് പരാമർശിക്കുന്നെന്ന കാരണം നിരത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പാട്ട് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകാൻ തീരുമാനിച്ചതായി സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം അറിയിച്ചിരുന്നു. 

‘പാരഡി പാട്ടുകൾക്ക് സി.പി.എം എതിരല്ല. എന്നാൽ, മതചിഹ്ന ഉപയോഗിച്ചത് നിയമവിരുദ്ധമാണ്. ഹൈന്ദവസംഘടനകൾ തന്നെ അയ്യപ്പന്‍റെ പേര് ഉപയോഗിച്ചതിനെതിരെ പരാതി നൽകിയിട്ടുണ്ട്.’ -അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പരാതി നൽകിയ തിരുവാഭരണ പാത സംരക്ഷണ സമിതിയുമായി പാർട്ടിക്ക് ബന്ധമുണ്ടെന്ന ആക്ഷേപം രാജു എബ്രഹാം തള്ളി.

സി.പി.എം ജില്ല കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ചചെയ്തശേഷം കമീഷനെ സമീപിക്കാനാണ് ആലോചന. ഇക്കാര്യത്തിൽ സംസ്ഥാനനേതൃത്വത്തിന്‍റെ നിലപാടാകും നിർണായകമാകുക. നിയമസഭ തെരഞ്ഞെടുപ്പിൽ ഈ ഗാനം പ്രചാരണത്തിന് ഉപയോഗിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് സി.പി.എം നീക്കമെന്നാണ് സൂചന. വിഷയം വിവാദമായതോടെ കൂടുതൽപേർ പാട്ട് കാണാൻ ഇടയായെന്ന ആക്ഷേപവും പാർട്ടിയിൽ ഒരുവിഭാഗത്തിനുണ്ട്.

അയ്യപ്പഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല കഴിഞ്ഞദിവസം ഡി.ജി.പിക്ക് പരാതി നൽകിയതോടെയാണ് പാട്ട് ചർച്ചകളിൽ നിറയുന്നത്.

Tags:    
News Summary - Case filed over 'Potiye Ketiye...' parody song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.