തിരുവനന്തപുരം: തപാൽവകുപ്പ് നാളെ നടത്താനിരുന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ ഗണഗീതം ആലപിക്കണമെന്ന ആവശ്യവുമായി ബി.എം.എസ്. ആഘോഷത്തിൽ കരോൾ ഗാനങ്ങൾക്കൊപ്പം ഗണഗീതവും ആലപിക്കണമെന്നായിരുന്നു ബി.എം.എസിന്റെ ആവശ്യം. ഭാരതീയ പോസ്റ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസേഴ്സ് എംപ്ലോയീസ് യൂനിയനാണ് ഈ ആവശ്യമുന്നയിച്ച് കത്തു നൽകിയത്. ഡയറക്ടർ ഓഫ് പോസ്റ്റൽ സർവീസ് കേരള സർക്കിളിനാണ് കത്ത് നൽകിയത്.
സംഭവം വിവാദമായതോടെ ക്രിസ്മസ് ആഘോഷം തന്നെ വേണ്ടെന്നുവെച്ചിരിക്കുകയാണ് തപാൽ വകുപ്പ്. ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം പാടണമെന്ന ആവശ്യം ഭരണഘടന വിരുദ്ധമാണെന്ന് കാണിച്ച് ജോൺ ബ്രിട്ടാസ് എം.പി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തു നൽകുകയും ചെയ്തു.
അതേസമയം, ബി.എം.എസ് യൂനിയനിലെ വനിത ജീവനക്കാരിയെ കരോൾ ഗാനസംഘത്തിൽ നിന്ന് ഒഴിവാക്കിയതിനാലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത് എന്നാണ് ബി.എം.എസിന്റെ നിലപാട്.
എന്നാൽ ഗണഗീതം ശാഖയിൽ പാടിയാൽ മതിയെന്നും നീക്കം പ്രതിരോധിക്കുമെന്നും പറഞ്ഞ് ഇടതു, കോൺഗ്രസ് അനുകൂല സംഘടനകൾ പ്രതിഷേധവുമായി എത്തുകയായിരുന്നു.
തുടർന്നാണ് പരിപാടി തന്നെ പോസ്റ്റൽ വകുപ്പ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.