ദുബൈ: വർഷങ്ങളായി തുടരുന്ന യാത്ര ദുരിതത്തിന് അറുതി കാണാനാവാതെ എയർ ഇന്ത്യൻ എക്സ്പ്രസ്. ബുധനാഴ്ച ദുബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 530 വിമാനം മണിക്കൂറുകൾ വൈകിയ ശേഷം മുന്നറിയിപ്പില്ലാതെ സർവിസ് റദ്ദാക്കി. ബുധനാഴ്ച രാവിലെ 6.05ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് യാത്രക്കാരെ കണ്ണീരാഴ്ത്തിയത്.
ഇതോടെ 150ഓളം വരുന്ന യാത്രക്കാർ പകൽ മുഴുവൻ വിമാനത്താവളത്തിൽ കുടുങ്ങി. പിതാവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കേണ്ടവരും യാത്രക്കാരിലുണ്ടായിരുന്നു. സാങ്കേതിക കാരണങ്ങളാണ് വൈകാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ഇക്കാര്യം യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിരുന്നില്ല. വിമാനത്തിൽ കയറിയ ശേഷമാണ് യാത്രക്കാർ സർവിസ് വൈകുന്നത് സംബന്ധിച്ച വിവരം അറിയുന്നത്.
തുടർന്ന് 15 മണിക്കൂറിലധികം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. ഏറെ നേരത്തിന് ശേഷം മറ്റൊരു വിമാനത്തിൽ യാത്രക്കാരെ മുഴുവൻ കയറ്റിയെങ്കിലും വീണ്ടു പുറത്തിറക്കുകയായിരുന്നു. വൈകുന്നേരത്തോടെയാണ് സർവിസ് റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചത്. പകരം സംവിധാനമൊരുക്കാനും ആദ്യം അധികൃതർ തയ്യാറായിരുന്നില്ല.
പിതാവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ യാത്രക്കാരൻ വിമാനത്തിൽ നിയന്ത്രണം വിട്ട് കരയുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നേരത്തെ വിവരം അറിയിച്ചിരുന്നെങ്കിൽ മറ്റൊരു വിമാനത്തിൽ യാത്ര പോകാമായിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. പ്രതിഷേധം ശക്തമായതോടെ വിഷയത്തിൽ ദുബൈ വിമാനത്താവളം പൊലീസ് ഇടപെട്ട് ചർച്ച നടത്തുകയായിരുന്നു. തുടർന്നാണ് യാത്രക്കാരെയെല്ലാം ഹോട്ടലിലേക്ക് മാറ്റാൻ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ തയാറായത്. വ്യാഴാഴ്ച രാവിലെ ഏഴരക്കുള്ള മറ്റൊരു വിമാനത്തിൽ യാത്രക്കാരെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് പിന്നീട് ലഭിച്ച അറിയിപ്പ് എന്ന് യാത്രക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.