ശബരിമല തീർഥാടനം: കെ.എസ്.ആർ.ടി.സി മുന്നൊരുക്കങ്ങൾ തുടങ്ങി, മണ്ഡലപൂജയ്ക്ക് 461 ബസുകൾ സർവിസ് നടത്തും
തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്കിന് ഭക്തരുടെ യാത്ര സുഗമമാക്കാൻ മുന്നൊരുക്കവുമായി കെ.എസ്.ആർ.ടി.സി. മണ്ഡലപൂജക്ക് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് ആദ്യഘട്ടത്തിൽ സർവിസ് നടത്തുക. തീർഥാടകരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് കൂടുതൽ ബസുകൾ ലഭ്യമാക്കാനും ലീസ് വ്യവസ്ഥയിൽ ബസുകൾ ഏർപ്പെടുത്താനും നടപടിയാരംഭിച്ചു. പമ്പ–നിലക്കൽ ചെയിൻ സർവിസുകൾക്ക് പുറമെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളെയും ബന്ധിപ്പിച്ചാണ് സർവിസുകൾ ക്രമീകരിച്ചത്.
പമ്പ, നിലക്കൽ, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെൻട്രൽ, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം തുടങ്ങിയ കേന്ദ്രങ്ങളിൽനിന്ന് സ്പെഷൽ സർവിസുകൾ നടത്തും. മണ്ഡലപൂജാ ഘട്ടത്തിൽ നിലക്കലിൽ 180 ബസുകളും മകരവിളക്ക് ഘട്ടത്തിൽ 220 ബസുകളും വിന്യസിക്കും. ചെങ്ങന്നൂരിൽ യഥാക്രമം 60, 80 ബസുകളും കോട്ടയത്ത് 50, 60 ബസുകളും ക്രമീകരിച്ചിട്ടുണ്ട്.
പ്രത്യേക സർവിസുകളുടെ നടത്തിപ്പിനായി പമ്പയിലും നിലക്കലുമായി ജീവനക്കാരെ രണ്ടു ഘട്ടമായാണ് വിന്യസിക്കുക. മണ്ഡലപൂജാ ഘട്ടത്തിൽ 678 ജീവനക്കാരെയും മകരവിളക്ക് ഘട്ടത്തിൽ 778 ജീവനക്കാരെയും നിയോഗിക്കും. ഡ്രൈവർമാർ, കണ്ടക്ടർമാർ, ഇൻസ്പെക്ടർമാർ, മെക്കാനിക്കുകൾ, ഓഫിസ് ജീവനക്കാർ, സുരക്ഷാ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെയാണ് ചുമതലപ്പെടുത്തുന്നത്. ആദ്യഘട്ടത്തിൽ 325 ഡ്രൈവർമാരെയും 225 കണ്ടക്ടർമാരെയും രണ്ടാംഘട്ടത്തിൽ 375 ഡ്രൈവർമാരെയും 275 കണ്ടക്ടർമാരെയും നിയോഗിക്കും. സർവിസുകളുടെ സുരക്ഷിതവും കാര്യക്ഷമവുമായ നടത്തിപ്പിനായി ജീവനക്കാർക്ക് അഗ്നിരക്ഷാ സേന, മെഡിക്കൽ പരിശീലനങ്ങളും മെക്കാനിക്കൽ ജീവനക്കാർക്ക് വാഹന നിർമാണ കമ്പനിയുടെ പരിശീലനങ്ങളും നൽകിയിട്ടുണ്ട്.
പമ്പയിലും നിലക്കലിലും സർവിസുകൾ സുഗമമായി നടത്തുന്നതിന് ബസ് പാർക്കിങ്, ഗാരേജ് സൗകര്യങ്ങൾ, ജീവനക്കാരുടെ വിശ്രമ-താമസ സൗകര്യങ്ങൾ, ശുചിത്വ സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തും. നിലക്കലിൽ ബസുകൾക്ക് ആവശ്യമായ പാർക്കിങ് സ്ഥലം ഉറപ്പാക്കുക, അനധികൃത പാർക്കിങ് നിയന്ത്രിക്കുക, ബസ് സ്റ്റേഷൻ പരിസരത്ത് പൊലീസ് സഹായം ലഭ്യമാക്കുക, ത്രിവേണിയിൽ യാത്രക്കാർക്കായി വെയിറ്റിങ് ഷെഡും ബാരിക്കേഡ് സംവിധാനവും സജ്ജമാക്കുക തുടങ്ങിയവക്ക് മുൻഗണന നൽകും.
തീർഥാടകരുടെ വരവും മടക്കയാത്രയും സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പമ്പയിലും നിലക്കലിലും കൂടുതൽ ബസുകൾ ക്രമീകരിക്കും. നിലക്കൽ–പമ്പ റൂട്ടിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും സർവിസുകളെ ബാധിക്കുന്ന അനധികൃത സമാന്തര സർവിസുകളും പാർക്കിങ്ങും നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ നടപടികൾ സ്വീകരിക്കും. പമ്പ, ചെങ്ങന്നൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഭക്തജനങ്ങൾക്ക് പരാതിരഹിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ കെ.എസ്.ആർ.ടി.സി സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.