തിരുവനന്തപരേം: തെരഞ്ഞെടുപ്പിൽ പരാജയവും വിജയവും ഉണ്ടാകുമ്പോൾ അത് ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുക എന്ന് പറയുന്നത് ശരിയായ സമീപനമല്ലെന്ന് സി.പി.എം നേതാവ് എം. സ്വരാജ്. വലിയൊരു പരാജയം ഉണ്ടാകുമ്പോൾ ഒരുപാട് വിമർശനങ്ങൾ വരും. വിജയം ഉണ്ടാകുമ്പോൾ ഒരുപാട് അഭിനന്ദനങ്ങളും ഉണ്ടാകും.
അത് വളരെ സ്വാഭാവികമായിട്ടുള്ള കാര്യമാണ്. വിജയവും പരാജയവും ഉണ്ടാകുന്ന സമയയത്തെ പ്രതികരണം മുഖ്യമന്ത്രിയിലേക്ക് മാത്രമായി ചുരുക്കുന്നത് തെറ്റായ പ്രവണതയാണ്. വിജയമായാലും പരാജയമായാലും ഒരു കൂട്ടായ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടേണ്ടത്.
ഏതെങ്കിലും ഒരു വ്യക്തിക്ക് പറ്റിയ വീഴ്ചയാണ് തെരഞ്ഞെടുപ്പ് പരാജയം എന്ന് കാണുന്നതുതന്നെ ജനാധിപത്യ വിരുദ്ധമായ വിശകലനമാണ്. അത് രാഷ്ട്രീയ പ്രേരിതമായിട്ട് ചിലർ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരവേല മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതിനെതിരെയുള്ള വിമർശനങ്ങളെയും സ്വരാജ് തള്ളി. കേരളത്തിൽ ഇടതുപക്ഷത്തെ നയിക്കുന്നത് രണ്ടു തവണ മുഖ്യമന്ത്രിയായ പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമാണ്.
പോളിറ്റ് ബ്യൂറോ അംഗമായിട്ടുള്ള ഒരാൾ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ കൂട്ടത്തിലുള്ളത്. അപ്പോൾ അത്രയും തലമുതിർന്ന ഒരു നേതാവ് ജയിച്ചു വരുന്ന സമയത്ത് പ്രതിപക്ഷ നേതാവിനെക്കുറിച്ച് മറ്റ് ആലോചനക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാജയ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കും. ഇതുമായുള്ള എല്ലാ വിമർശനങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യും. ഇടതുപക്ഷക്കാർ അല്ലാത്തവരുടെ അഭിപ്രായങ്ങളെയും വിലമതിക്കും.
അതിന്റെ എല്ലാം ഭാഗമായി കൂടുതൽ കരുത്തോടെ തിരിച്ചു വരും. തെരഞ്ഞെടുപ്പിൽ ഇതിനു മുൻപും ഇടതുപക്ഷം ശക്തമായ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്.അതിനെയെല്ലാം അഭിമുഖീകരിച്ചാണ് പാർട്ടി ഇവിടെ എത്തിയിരിക്കുന്നത്.
പരാജയങ്ങളിൽ തളർന്ന് നിരാശാഭരിതരായി നാടുവിട്ടു പോകുന്ന സാഹചര്യമല്ല ഇടതുപക്ഷത്തുള്ളത്. പരാജയവും വിജയവും മനസാന്നിധ്യത്തോടെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.