തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് നിയമനം നല്‍കിയതില്‍ ഐ.ടി വകുപ്പിന് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തില്‍ പൊരുത്തക്കേട്. വിഷന്‍ ടെക്നോളജി എന്ന സ്ഥാപനത്തിെൻറ ഭാഗമായിരുന്ന സ്വപ്നയെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് പരിചയപ്പെടുത്തിയത് ഐ.ടി വകുപ്പാണെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
വിഷന്‍ ടെക്നോളജീസ് വഴിയാണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് സ്വപ്നയെ നിയോഗിച്ചത്. ഒരു വര്‍ഷ കരാര്‍ ആയതിനാലാണ് സ്വന്തം ജീവനക്കാരെ നിയോഗിക്കാതെ ബാഹ്യ ഏജന്‍സി വഴി സ്പേസ് പാര്‍ക്കിലേക്ക് നിയമനം നടത്തിയത്. ഇത്രയും പരിശോധിച്ചാല്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് കരുതാം.
‘ആ വിവാദ വനിതക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി ഒരു ബന്ധവുമില്ല. ഐ.ടി വകുപ്പുമായും ഇവര്‍ക്ക് നേരിട്ട് ഒരു ബന്ധവുമില്ല’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
എന്നാല്‍, പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കമ്പനിയിലേക്ക് ആരാണ് സ്വപ്നയെ റഫര്‍ ചെയ്തതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുമ്പോഴാണ് മുഖ്യമന്ത്രി പറഞ്ഞതിലെ പൊരുത്തക്കേടുകള്‍ വ്യക്തമാകുന്നത്. സ്വപ്നയുടെ നിയമനത്തെ കുറിച്ച് ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണെങ്കിൽ സ്വപ്ന വിഷന്‍ ടെക്നോളജീസില്‍ ആയിരുന്നു. അവര്‍ക്ക് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സുമായി ഹ്രസ്വകാല മാനേജ്മെൻറ് കരാര്‍ ഉണ്ടായിരുന്നു.
ഐ.ടി വകുപ്പ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് സ്വപ്നയുടെ പ്രൊഫൈല്‍ സ്വതന്ത്ര പ്രഫഷനല്‍ റഫറന്‍സായി ഫോര്‍വേഡ് ചെയ്തു. അഭിമുഖത്തിനുശേഷം അവര്‍ സ്വപ്നയെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചു. ഇതിൽ നിന്ന് സ്വപ്നയെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് ശിപാര്‍ശ ചെയ്തത് ഐ.ടി വകുപ്പാണെന്ന് വ്യക്തമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.