പാലക്കാട് കെ.പി.എം റിജൻസിയിൽ ശനിയാഴ്ച അർധരാത്രി ഷൊർണൂർ ഡിവൈ.എസ്.പി എൻ. മുരളീധരന്റെ നേതൃത്വത്തിലെത്തിയ സംഘം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കസ്റ്റഡിയിലെടുക്കാനെത്തിയപ്പോൾ

അർധരാത്രി 12.15, റൂം നമ്പർ 2002; കസ്റ്റഡിയിലെടുക്കണമെന്ന് പൊലീസ്, കേസേതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: പാലക്കാട് കെ.പി.എം റിജൻസി ഹോട്ടൽ. റൂം നമ്പർ 2002. ശനിയാഴ്ച അർധരാത്രി 12.15. പ്രത്യേക അന്വേഷണസംഘം മേധാവി ജി. പൂങ്കുഴലിയുടെ നേരിട്ടുള്ള നിർദേശപ്രകാരം ഷൊർണൂർ ഡിവൈ.എസ്.പി എൻ. മുരളീധരന്റെ നേതൃത്വത്തിലെത്തിയ സംഘം വാതിലിൽ മുട്ടി. ആദ്യം വാതിൽ തുറക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ വിസമ്മതിച്ചു.

കസ്റ്റഡി നടപടികൾക്കായി എത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കിയതോടെ കേസേതെന്നായി മറുചോദ്യം. ഒടുവിൽ, മഞ്ഞ ടീഷർട്ടുമണിഞ്ഞ് 12.30ഓടെ പുറത്തുവന്നു. വസ്ത്രം വല്ലതും എടുക്കാനുണ്ടോ എന്ന് പൊലീസ് ചോദിച്ചു. തുടർന്ന് കസ്റ്റഡി രേഖപ്പെടുത്തി.

അന്വേഷണസംഘം മേധാവി ജി. പൂങ്കുഴലിയുടെ കൃത്യമായ ആസൂത്രണവും പഴുതടച്ച നീക്കങ്ങളുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ചത്. മൂന്ന് ദിവസം മുമ്പ് കാനഡയിലുള്ള തിരുവല്ല സ്വദേശിനി മുഖ്യമന്ത്രിക്ക് നേരിട്ട് ഇമെയിൽ വഴി നൽകിയ പരാതിയിലെ ആരോപണങ്ങൾ അതിഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ അന്വേഷണം ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

‘നീലപ്പെട്ടി’ വിവാദമുണ്ടായ ഹോട്ടൽ; അറസ്റ്റ് പഴുതടച്ച നീക്കത്തിലൂടെ

പാലക്കാട്: 2024 നവംബറിൽ പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് സമയത്ത് നീലപ്പെട്ടി വിവാദമുയർന്ന അതേ ഹോട്ടലിൽനിന്നാണ് ഇത്തവണ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പിടിയിലായത്. അന്ന് തെളിവുകളില്ലാതെ രാഹുലും കോൺഗ്രസും രക്ഷപ്പെട്ടപ്പോൾ ഇത്തവണ കൃത്യമായ പരാതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്. കുന്നത്തൂർമേട്ടിലുള്ള ഫ്ലാറ്റിലെ താമസമൊഴിഞ്ഞശേഷം പാലക്കാട് നഗരത്തിലെ കെ.പി.എം റീജൻസിയിലാണ് കുറച്ച് ദിവസങ്ങളായി രാഹുൽ താമസിക്കുന്നത്. ശനിയാഴ്ച അർധരാത്രി 12ന് ശേഷം ഹോട്ടലിലെത്തിയ അന്വേഷണസംഘം നാടകീയമായാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.

ഷൊർണൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഹോട്ടലിലെത്തിയ പൊലീസ് സംഘം ആദ്യം റിസപ്ഷനിലെ ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു. വിവരം ചോരുന്നത് തടയുകയായിരുന്നു ലക്ഷ്യം. രാഹുൽ മുറിയിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷം, ഏറെ വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥരുമായി മൂന്ന് വാഹനങ്ങളിലായിട്ടായിരുന്നു സംഘം ഹോട്ടലിൽ എത്തിയത്. തുടർന്നാണ് 2002-ാം മുറിയിൽനിന്നും രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഉപതെരഞ്ഞെടുപ്പ് സമയത്ത് സമാനരീതിയിൽ നവംബർ അഞ്ചിന് അർധരാത്രിയാണ് പൊലീസ് ഹോട്ടലിൽ റെയ്ഡ് നടത്തിയത്. നീലപ്പെട്ടിയിൽ പണം കടത്തിയെന്നാരോപിച്ചായിരുന്നു പരിശോധന.

എം.പിമാരായ ഷാഫി പറമ്പിൽ, വി.കെ. ശ്രീകണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സി. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകരും സി.പി.എം പ്രവർത്തകരുമെല്ലാം അന്ന് ഹോട്ടലിൽ എത്തിയിരുന്നു. പൊലീസുമായി കോൺഗ്രസ് പ്രവർത്തകർ തർക്കവും ഉന്തും തള്ളുമുണ്ടായി. തുടർന്ന് എ.എസ്.പി നേരിട്ട് ഹോട്ടലിലെത്തി. തെരഞ്ഞെടുപ്പ് ചട്ടത്തിന്‍റെ ഭാഗമായിട്ടായിരുന്നു പരിശോധന എന്നാണ് പൊലീസ് അറിയിച്ചത്. എന്നാൽ, ജില്ല കലക്ടർ പരിശോധന വിവരം വളരെ വൈകിയാണ് അറിഞ്ഞത്. കെ.പി.എം റീജൻസിയിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചെങ്കിലും രാഹുലിനെതിരെ തെളിവുകൾ ലഭിക്കാതിരുന്നതിനാൽ കേസെടുക്കാനായില്ല. ഇത്തവണ പഴുതടച്ച നീക്കത്തിലൂടെയാണ് പൊലീസ് രാഹുലിനെ പിടികൂടിയത്.

യുവതിക്ക് വിനയായത് തെറ്റി അയച്ച ഒരു മെസേജ്

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതുതായി പരാതി നല്‍കിയ യുവതിയുടെ ജീവിതം നരകമാക്കിയത് സുഹൃത്തിന് വാട്‌സാപ്പില്‍ അയച്ച ഒരു ഫ്ലിപ്‌കാര്‍ട്ട് ലിങ്ക്. സ്വന്തം പിതാവിന് ഫ്ലിപ്‍കാര്‍ട്ടില്‍ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തശേഷം അത് കൈപ്പറ്റുന്നതിനുള്ള ലിങ്ക് നാട്ടിലുള്ള ബാല്യകാല സുഹൃത്ത് രാഹുലിന് അയച്ചുകൊടുത്തു. എന്നാല്‍ ഫോണില്‍ മുന്‍പെന്നോ സേവ് ചെയ്തിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ നമ്പറിലേക്കാണ് മെസേജ് പോയത്. ഉടന്‍ അത് ഡിലീറ്റ് ചെയ്ത് യഥാര്‍ഥ നമ്പറിലേക്ക് ലിങ്ക് ഫോര്‍വേഡ് ചെയ്തു. പിറ്റേ ദിവസം മുതല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫോണില്‍ നിന്ന് ഹായ്, ഹലോ തുടങ്ങിയ മെസേജുകള്‍ വരാന്‍ തുടങ്ങി. ആദ്യം പ്രതികരിച്ചില്ലെങ്കിലും തുടര്‍ച്ചയായി മെസേജുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ മറുപടി നല്‍കിയെന്ന് അതിജീവിതയുടെ മൊഴിയില്‍ പറയുന്നു.

പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മത ബന്ധമെന്ന് രാഹുൽ

പത്തനംതിട്ട: പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ജാമ്യഹരജിയിൽ രാഹുൽ മാങ്കൂട്ടത്തിൽ. തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നും അപകീർത്തിപ്പെടുത്താനും ജയിലിലടക്കാനുമുള്ള ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ച പരാതിയാണിതെന്നുമാണ് ലൈംഗിക പീഡനപരാതിയിൽ അറസ്റ്റിലായ രാഹുലിന്റെ വാദം. പരാതിക്കാരി പ്രായപൂർത്തിയായ വ്യക്തിയാണെന്നും ഒരു പുരുഷനെ കാണാനായി റൂം ബുക്ക് ചെയ്ത് എത്തുമ്പോൾ അതിന്റെ വരുംവരായ്കകളെക്കുറിച്ച് കൃത്യമായി തിരിച്ചറിയാൻ ശേഷിയുള്ള ആളാണെന്നും ജാമ്യഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരി വിവാഹിതയാണെന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും, അതുകൊണ്ടാണ് ബന്ധവുമായി മുന്നോട്ട് പോയതെന്നുമാണ് രാഹുലിന്റെ വിശദീകരണം.യുവതി വിവാഹിതയാണെന്ന് അറിഞ്ഞതോടെ ബന്ധം അവസാനിപ്പിച്ചതായും ഹർജിയിൽ വ്യക്തമാക്കുന്നു. തിരുവല്ല ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹരജി പരിഗണിക്കുന്നത്.


Tags:    
News Summary - rahul mamkootathil arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.