സ്വപ്നയും ശിവശങ്കറും പ്രതിയായ കള്ളപ്പണ കേസ്; ഇ.ഡിയെ വിമർശിച്ച് കോടതി

കൊച്ചി: സ്വർണക്കടത്തി​ന്‍റെ മറവിൽ നടന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻ​ഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റിനെ (ഇ.ഡി) വിമർശിച്ച്​ കോടതി. സ്വപ്​ന സുരേഷ്​ അടക്കം പ്രതികളെ അറസ്​​റ്റ്​ ചെയ്യാതെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ മാത്രം അറസ്​റ്റ്​ ചെയ്​തത്​ ചൂണ്ടിക്കാട്ടിയാണ്​ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പി.എം.എൽ.എ) കേസുകൾക്കുള്ള എറണാകുളം പ്രത്യേക കോടതി വിമർശനം ഉന്നയിച്ചത്​. കോടതിയിൽ ഹാജരായ സ്വപ്‌ന സുരേഷിനും കൂട്ടുപ്രതി സരിത്തിനും പ്രത്യേക കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

സ്വപ്‌നയും സരിത്തും സമൻസ് അയച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരായത്. ഇരുവരും ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. കുറ്റപത്രം സമർപ്പിച്ചതിന് ശേഷം ക്രിമിനൽ കേസുകളിൽ പിന്തുടരുന്ന നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇരുവരും ജാമ്യം തേടിയത്. ഒളിവിൽ പോകില്ലെന്നും കോടതിയോ അന്വേഷണ ഉദ്യോഗസ്ഥനോ അറിയിക്കുമ്പോഴെല്ലാം ഹാജരാകാമെന്നുമുള്ള ഉറപ്പിലാണ്​ ജാമ്യം നൽകിയത്​. രണ്ട് പ്രതികളുടെയും ജാമ്യാപേക്ഷയെ ഇ.ഡി എതിർത്തു. ഇതിനിടെയാണ്​ കോടതി ഇ.ഡിയെ വിമർശിച്ചത്​.

സ്വപ്‌നക്കെതിരെ തെളിവുണ്ടായിട്ടും എന്തുകൊണ്ടാണ് ഇ.ഡി അറസ്​റ്റ്​ ചെയ്യാത്തതെന്നും എം. ശിവശങ്കറിനെ എന്തിനാണ് അറസ്റ്റ് ചെയ്​തതെന്നും കോടതി ചോദിച്ചു. അന്വേഷണത്തോട് സഹകരിക്കാത്തതിനെ തുടർന്നാണ് ശിവശങ്കറിനെ അറസ്​റ്റ്​ ചെയ്​തതെന്ന്​ ഇ.ഡി അഭിഭാഷകൻ ബോധിപ്പിച്ചു. ശിവശങ്കറിനെയും മറ്റൊരു പ്രതി സന്ദീപ് നായരെയും വിഡിയോ കോൺഫറൻസ്​ വഴിയാണ്​ ഹാജരാക്കിയത്​. ഇവരുടെ ജുഡീഷ്യൽ കസ്​റ്റഡി ആഗസ്​റ്റ്​ അഞ്ചുവരെ നീട്ടി. പ്രതികൾക്കെതിരെ കോടതി ഉടൻ കുറ്റം ചുമത്തും. തൃശൂർ വടക്കാഞ്ചേരിയിൽ 2018ലെ പ്രളയബാധിത കുടുംബങ്ങൾക്കായി യു.എ.ഇ റെഡ്ക്രസൻറ്​ നൽകിയ ഫണ്ട് വകമാറ്റി ചെലവഴിച്ചതാണ് കേസ്.

Tags:    
News Summary - Swapna and Sivashankar accused in black money case; The court criticized the ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.