മാസങ്ങളുടെ ആയുസെന്ന് ഡോക്ടര്‍മാർ; ‘സൂസി’യെ പിരിയാനാവാതെ നെയ്യാറ്റിന്‍കരയിലെ പൊലീസുകാർ

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷന്‍റെ കാവല്‍ ‘സൂസി’ ഏറ്റെടുത്തിട്ട് ഒന്നര വര്‍ഷം. എവിടെ നിന്നോ എത്തി സ്റ്റേഷനിലുള്ളവരുടെ പ്രിയങ്കരിയായി മാറിയ സൂസി ലാബ്രഡോർ ഇനത്തില്‍പ്പെട്ടതാണ്. പക്ഷേ, മാസങ്ങളുടെ ആയുസ് മാത്രമാണ് ഡോക്ടര്‍ സൂസിക്ക് പറയുന്നത്. വയറ്റിലെ മുഴ കാരണം ക്യാന്‍സര്‍ പിടിപെട്ടിരിക്കുകയാണ് സൂസിക്ക്.

 

സദാസമയവും സ്റ്റേഷന് മുന്നില്‍ കറങ്ങി നടക്കുന്ന സൂസി പൊലീസുകാരല്ലാത്ത അപരിചിതര്‍ ആരെത്തിയാലും കുരച്ച് ഓടിയെത്തും. ഭയപ്പെടുത്തുന്നതല്ലാതെ ആരെയും കടിച്ചിട്ടുമില്ല. മുണ്ടും ലുങ്കിയുമുടുത്ത് ആരെത്തിയാലും നിര്‍ത്താതെ കുരയുമായി സൂസി മുന്നില്‍ നില്‍ക്കും. സ്റ്റേഷനില്‍ നിന്നും പൊലീസുകാര്‍ സൂസി എന്ന് വിളിക്കുന്നതോടെ മാത്രമെ പിൻമാറൂ. അതിന് ശേഷം മാത്രമെ മുണ്ടുടുത്തെത്തുന്നവരെ സ്റ്റേഷനിൽ കയറാന്‍ അനുവദിക്കൂ.

നെയ്യാറ്റിന്‍കരയില്‍ മാറി എത്തുന്ന പൊലീസുകാർക്കെല്ലാം സൂസി ഏറെ ഇഷ്ടമാണ്. പൊലീസുകാര്‍ പലരും വീട്ടില്‍നിന്ന് വരുമ്പോള്‍ സൂസിക്ക് നല്‍കുവാൻ ബിസ്‌കറ്റും മറ്റു ഭക്ഷണങ്ങളും കരുതും. പൊലീസുകാരുടെ ഭക്ഷണത്തിലെ ഒരു പങ്ക് സൂസിക്കുള്ളതാണ്. സമീപത്തെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലുള്ളവര്‍ക്കും കുട്ടികൾക്കുമെല്ലാം സൂസിയാണ് കാവല്‍.

ഒരിക്കൽ ഉടമയെന്ന് അവകാശപ്പെടുന്നയാൾ സ്റ്റേഷനിലെത്തിയെങ്കിലും പോകാന്‍ കൂട്ടാക്കിയില്ല. മാസങ്ങള്‍ക്ക് മുമ്പാണ് വയറ്റിലെ മുഴ കാരണം ക്യാന്‍സര്‍ പിടിപെട്ടത്. സൂസിയെ ചികിത്സക്ക് കൊണ്ടുപോകുന്നതും മരുന്ന് നൽകുന്നതുമെല്ലാം പൊലീസുകാരാണെന്ന് നെയ്യാറ്റിന്‍കര സര്‍ക്കിൾ ഇന്‍സ്‌പെക്ടര്‍ ശ്രീകുമാരന്‍ നായര്‍ പറയുന്നു.

Tags:    
News Summary - susy neyyattinkara police station-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.