മർദനമേറ്റ സിജു
അഗളി: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ വൈദ്യുതി തൂണിൽ കെട്ടിയിട്ട് മർദിച്ച പ്രതികൾ പിടിയിൽ. ഇന്ന് പുലർച്ചെ കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അഗളി ഡിവൈ.എസ്.പി അറിയിച്ചു.
മെയ് 24ന് അട്ടപ്പാടി ഗൂളിക്കടവ് - ചിറ്റൂർ റോഡിലാണ് ആദിവാസി യുവാവിനെ വൈദ്യുതി തൂണിൽ കെട്ടിയിട്ട് മർദിച്ചത്. അഗളി ചിറ്റൂർ ഉഷത്ത് ഭവനിൽ വേണുവിന്റെ മകൻ സിജു(19)വിനാണ് മർദനമേറ്റത്. മദ്യലഹരിയിലായ സിജു കല്ലെറിഞ്ഞ് വാഹനം തകർത്തതിനെ തുടർന്നാണ് പാൽ കലക്ഷൻ വാഹനത്തിൽ വന്ന ചിലരും നാട്ടുകാരും ചേർന്ന് കെട്ടിയിട്ട് മർദിച്ചത്. പൊലീസിനെ വിവരമറിയിച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞിട്ടും എത്തിയില്ല.
സിജുവിന് മർദനത്തിൽ കണ്ണിന് പരിക്കേറ്റു. ചുണ്ട് പൊട്ടി. വയറിൽ കയറുകൊണ്ട് കെട്ടിയിട്ട പാടുണ്ട്. അതുവഴി വന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാർ ദേഹമാസകലം പരിക്കേറ്റ സിജുവിനെ അവരുടെ വാഹനത്തിൽ അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ഡോക്ടർമാർ മരുന്ന് നൽകി പറഞ്ഞയച്ചു.
പിന്നീട് തിങ്കളാഴ്ച വൈകുന്നേരമാണ് കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ എത്തി ഇവർ അഡ്മിറ്റാകുന്നതും പുറംലോകം അറിയുന്നതും. പാൽ കലക്ഷന് പോകുന്ന വാഹനം കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ കേസെടുത്ത അഗളി പൊലീസിന്റെ അന്വേഷണം പുരോഗമിക്കവെയാണ് പ്രതികൾ പിടിയിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.