പ്രതീകാത്മക ചിത്രം

കേരളത്തിലെ എസ്.ഐ.ആർ ഹരജികൾ വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) അടിയന്തരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാറും ഭരണ-പ്രതിപക്ഷ കക്ഷികളും സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അറിയിച്ചു. എസ്.ഐ.ആർ നടപടികൾക്ക് സ്റ്റേ വേണമെന്നു കൂടി ആവശ്യപ്പെടുന്ന കേരള സർക്കാറിനു പുറമെ, സി.പി.എം, കോൺഗ്രസ്, മുസ്‍ലിം ലീഗ് എന്നീ പാർട്ടികൾ സമർപ്പിച്ച ഹരജികളാണ് വെള്ളിയാഴ്ച ഒന്നിച്ച് പരിഗണിക്കുക.

നിലവിൽ ബിഹാർ എസ്.ഐ.ആർ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആയതിനാൽ ആ ബെഞ്ചിലേക്ക് തന്നെ ഈ ഹരജികളും പോകാനുള്ള സാധ്യതയുണ്ട്. ബുധനാഴ്ച സുപ്രീംകോടതിയിൽ അഡ്വ. ഹാരിസ് ബീരാനാണ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. കേരളത്തിനുവേണ്ടി അഡ്വ. കപിൽ സിബൽ കേസ് പരാമർശിക്കാൻ ശ്രമിച്ചെങ്കിലും മുതിർന്ന അഭിഭാഷകർക്ക് കേസ് പരാമർശിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അറിയിച്ചു.

അതോടെ മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ഹാജരായ രാജ്യസഭാ അംഗം കൂടിയായ ഹാരിസ് ബീരാൻ ഹരജികൾ അടിയന്തരമായി കേൾക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഹാരിസിന് പിന്നാലെ സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശിയും ഇതേ ആവശ്യം ഉന്നയിച്ചു. വ്യാഴാഴ്ചതന്നെ ഹരജികൾ കേൾക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ വെള്ളിയാഴ്ച കേൾക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. സി.പി.എം സംസ്ഥാന സെക്രട്ടറിക്കുവേണ്ടി അഡ്വ.ജി. പ്രകാശും ഹാജരായി.

Tags:    
News Summary - supreme court to cosider keralas plea against SIR on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.