ന്യൂഡൽഹി: സി.എം.ആർ.എല്‍-എക്‌സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ നൽകിയ അപ്പീൽ ഹരജി തള്ളി സുപ്രീംകോടതി. ഹരജിയിൽ ഇടപെടാനില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
രാഷ്ട്രീയ വിഷയങ്ങൾ കോടതിയിലേക്ക് കൊണ്ടുവരുതെന്നും ബെഞ്ച് പറഞ്ഞു. നേരത്തെ, അന്വേഷണ ആവശ്യം തള്ളിയ ഹൈകോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നൽകിയത്. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ഹരജിയിലോ നൽകിയ രേഖകളിലോ കണ്ടെത്താനായില്ലെന്നായിരുന്നു ഹൈകോടതിയുടെ നീരീക്ഷണം.
ഇതിന് പിന്നാലെയാണ് മാത്യു കുഴൽനാടൻ സുപ്രീംകോടതിയെ സമീപിച്ചത്. ഇടപാടിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന് മാത്യു കുഴൽനാടൻ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും, അതുകൊണ്ടുതന്നെ വിജിലന്‍സിന്റെ അന്വേഷണം വേണമെന്നുമായിരുന്നു സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ മാത്യു കുഴല്‍നാടന്റെ ആവശ്യം.
അതേസമയം, സാങ്കേതിക കാരണങ്ങളാലാണ് സുപ്രീംകോടതി ഇടപെടാതെയിരുന്നതെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. രാഷ്ട്രീയമായ പോരാട്ടത്തിനൊപ്പം നിയമപരമായും മുന്നോട്ടു പോകും. സൈബർ അതിക്രമം നടത്തി പിന്തിരിപ്പിക്കാനാവില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. തന്റേത് നീതിക്കായുള്ള പോരാട്ടമാണ്. അത് ഈ സന്ദർഭത്തിൽ ഇല്ലാതെയാകുന്നില്ല. മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ മറുപടി പറയേണ്ടി വരുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആർ.എൽ) മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷ്യന്‍സ് കമ്പനിക്കും ഇല്ലാത്ത സോഫ്റ്റ് വെയർ സേവനത്തിന് പ്രതിഫലം നല്‍കിയെന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തൽ. മുഖ്യമന്ത്രിയുടെ മകളെന്ന ആനുകൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട് സി.എം.ആറിൽ നിന്നും മാസപ്പടി കൈപ്പറ്റി എന്നതായിരുന്നു ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.