ന്യൂഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തനിക്കെതിരായ ഹൈകോടതി പരാമർശങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് മുന്‍ അംഗം കെ.പി. ശങ്കരദാസ് സമർപ്പിച്ച ഹരജി സുപ്രീംകോടതി തളളി. കേസിൽ എന്തുകൊണ്ടാണ് ശങ്കരദാസിനെ പ്രതി ചേര്‍ക്കാത്തതെന്നാണ് ഹൈകോടതി പ്രത്യേക അന്വേഷണ സംഘത്തോട് ചോദിച്ചിരുന്നത്. ഈ പരാമർശത്തിനെതിരെയാണ് ശങ്കര്‍ ദാസ് സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ, വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ സുപ്രീം കോടതി ഹരജി തള്ളുകയായിരുന്നു. ശബരിമലയിലേത് വലിയ ക്രമക്കേടാണെന്നുംനിങ്ങള്‍ ദൈവത്തെപ്പോലും വെറുതെവിട്ടില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. സ്വര്‍ണക്കൊള്ളയില്‍ ശങ്കരദാസിനും ഉത്തരവാദിത്തമുണ്ട്. പ്രായത്തിന്റെ കാര്യത്തില്‍ മാത്രമാണ് അനുകമ്പയുള്ളത്. ജാമ്യം വേണമെങ്കില്‍ കേസ് പരിഗണിക്കുന്ന കോടതിയെ സമീപിക്കണം -കോടതി വ്യക്തമാക്കി.
2019ലെ ബോർഡ് അംഗങ്ങളായ ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവരെ എന്തിന് ഒഴിവാക്കി എന്നും ഇവർക്കെതിരെ എന്തുകൊണ്ട്നടപടി എടുത്തില്ല എന്നുമാണ് ഹൈകോടതി നേരത്തെ ചോദിച്ചിരുന്നത്. തുടർന്ന് തന്റെ ഭാഗം കേൾക്കാതെയാണ് ഹൈകോടതി ഈ പരാമർശം നടത്തിയതെന്നും ഇത് നീക്കണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ട് ശങ്കരദാസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കൊല്ലം ജില്ല കോടതിയില്‍ ശങ്കരദാസ് നല്‍കിയിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.