പ്രതീകാത്മക ചിത്രം

സ്റ്റേ നീക്കി; ഭൂപതിവ് ചട്ട പ്രകാരം അർഹരായവർക്ക് പട്ടയം നൽകാൻ ഹൈകോടതി അനുമതി

കൊച്ചി: 1964ലെ കേരള ഭൂപതിവ് ചട്ട (കേരള ലാൻഡ് അസൈൻമെന്റ് റൂൾസ്) പ്രകാരം അർഹരായവർക്ക് പട്ടയ വിതരണം തുടരാൻ ഹൈകോടതിയുടെ അനുമതി. പട്ടയ വിതരണ നടപടികൾ സ്റ്റേ ചെയ്ത് 2024 ജനുവരിയിൽ ഹൈകോടതി പുറപ്പെടുവിച്ച സ്റ്റേ ഉത്തരവ് ഭേദഗതി വരുത്തിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. ഭൂപതിവ് നിയമ പ്രകാരം അനുവദനീയമായതിലപ്പുറം ഭൂമി കൈവശമുള്ളവർക്ക് പട്ടയം അനുവദിക്കരുതെന്നും ഉത്തരവിൽ പറയുന്നു.

ഇടുക്കിയിൽ ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട് താലൂക്കുകളിൽ ചട്ടം ലംഘിച്ച് പട്ടയം വിതരണം ചെയ്യുന്നതും ഭൂപതിവ് ചട്ടത്തിന്‍റെ നിയമ സാധുതയുമടക്കം ‘വൺ എർത് വൺ ലൈഫ്’ നൽകിയ ഹരജിയിലാണ് നേരത്തെ പട്ടയ വിതരണം തടഞ്ഞ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്. പട്ടയത്തിന് 1971ന് വരെ കൈവശാവകാശം നിയമവിധേയമാക്കിയത് കൈയേറ്റങ്ങൾക്കും നിയമ സാധുത നൽകാനാണെന്നായിരുന്നു ഹരജിയിലെ ആരോപണം.

1964ലെ ചട്ടം അനുസരിച്ച് 1971 വരെ ഭൂമി കൈവശം വെച്ചവര്‍ക്ക് എങ്ങനെയാണ് പട്ടയത്തിന് അര്‍ഹത എന്ന സംശയമുന്നയിച്ചായിരുന്നു കോടതിയുടെ സ്റ്റേ. എന്നാൽ, പട്ടയം അനുവദിക്കാൻ അർഹത നൽകുന്ന കൈവശാവകാശത്തിന്‍റെ കാലയളവ് സംബന്ധിച്ച് 1964ലെ ചട്ടത്തിൽ വ്യക്തമാക്കിയിരുന്നില്ലെന്നും പിന്നീട് 1971ൽ ഇത് ഭേദഗതി വരുത്തുകയായിരുന്നെന്നും റവന്യൂ വകുപ്പ് കോടതിയെ അറിയിച്ചു. 1971 വരെ കൈവശമോ കുടികിടപ്പോ ഉള്ളവര്‍ക്ക് പട്ടയം നല്‍കാമെന്നാണ് ചട്ടത്തിൽ ഭേദഗതി വരുത്തിയത്. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി തുടര്‍ന്നാണ് 1964ലെ ഭൂപതിവ് ചട്ടം അനുസരിച്ച് പട്ടയം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയത്.

Tags:    
News Summary - Stay lifted; High Court allows land titles to be issued to those eligible under the Land Registry Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.