റിട്ട. ജസ്. സുധാംശു ധൂലിയ

വി.സി നിയമനം: ഇടപെട്ട് സുപ്രീം കോടതി; റിട്ട ജഡ്ജി സുധാൻശു ധൂലിയ സെർച്ച് കമ്മിറ്റി ചെയർപേഴ്സൺ

ന്യൂഡല്‍ഹി:​ കേരളത്തിലെ ഡിജിറ്റൽ, സാ​ങ്കേതിക സർവകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിൽ നിർണയക ഇടപെടലുകളുമായി സുപ്രീം കോടതി. സംസ്ഥാന സർക്കാറും സർവകലാശാല ചാൻസലർ കുടിയായ ഗവർണറും തമ്മിൽ തർക്കം പരിഹരിക്കുന്നതിനായി ഇടപെടൽ നടത്തിയ സുപ്രീം കോടതി വി.സി നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ചു.

റിട്ടയേര്‍ഡ് ജഡ്ജി സുധാന്‍ഷു ധൂലിയ ചെയർപേഴ്സനായാണ് പുതിയ സെർച്ച് കമ്മിറ്റിയെ നിയമിച്ചത്. സര്‍ക്കാറും ഗവര്‍ണറും നല്‍കിയ പട്ടിക പരിഗണിച്ച് സെര്‍ച്ച് കമ്മിറ്റിയെ സമിതി ചെയര്‍പേഴ്ദൺ രൂപീകരിക്കും. രണ്ടു പേർ സർക്കാർ നോമിനിയും രണ്ടു പേർ ഗവർണറുടെ നോമിനിയുമാകും. സർവകലാശാലകൾക്ക് പ്ര​ത്യേകം സമിതിയോ​, അല്ലെങ്കിൽ ഇരു സർവകലാശാലകൾക്കുമായി ഒരു സമിതിയോ രൂപീകരിക്കാൻ ചെയർപേഴ്സന് അധികാരമുണ്ടാകും. എന്നാൽ, രണ്ടാഴ്ചക്കുള്ളിൽ സമിതി രൂപീകരിക്കണം.

സമിതിയുടെ റിപ്പോർട്ട് കമ്മിറ്റി മുഖ്യമന്ത്രിക്ക് സമർപ്പിക്കണം. ഇതിനുശേഷം, പട്ടിക മുഖ്യമന്ത്രിയുടെ ശുപാർശയോശട ചാൻസലർ ആയ ഗവർണർക്ക് കൈമാറണം.

സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള പട്ടിക സര്‍ക്കാരും ഗവര്‍ണരും ഇന്ന് സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. ഐ.ഐ.ടി, എൻ.ഐ.ടി ഡയറക്ടര്‍മാരുടെ ഉള്‍പ്പെടെ എട്ട് പേരുടെ പട്ടികയാണ് ഗവര്‍ണര്‍ സുപ്രീംകോടതിക്ക് കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ പത്ത് പേര്‍ അടങ്ങുന്നവരുടെ പട്ടികയും കൈമാറിയിരുന്നു.

കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത, സ്റ്റാൻഡിങ് കൗൺസൽ സി.കെ ശശി എന്നിവർ ഹാജരായി. ഗവർണർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ പി. ശ്രീകുമാർ, സ്റ്റാൻഡിങ് കൗൺസൽ വെങ്കിട സുബ്രഹ്മണ്യ എന്നിവർ ഹാജരായി.

ഡിജിറ്റൽ, സാ​ങ്കേതിക സർവകലാശാലകളിലെ താൽകാലിക വി.സി നിയമനം ചട്ടവിരുദ്ധമെന്ന് ചൂണ്ടികാട്ടിയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഡോ.സിസ തോമസിനെ ഡിജിറ്റൽ സർവകലാശാലയിലും കെ.ശിവ പ്രസാദിനെ സാങ്കേതിക സർവകലാശാലയിലും (കെ.ടി.യു) താൽക്കാലിക വി.സി മാരായി ആറു മാസത്തേക്കു കൂടി പുനർനിയമനം നൽകികൊണ്ടുള്ള ഗവർണറുടെ വിജ്ഞാപനമാണ് പരസ്യഏറ്റുമുട്ടലിന് വഴിവെച്ചത്.

Tags:    
News Summary - Supreme Court Forms Search Committee Headed By Justice Sudhanshu Dhulia for Kerala University VC Appointments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.