കൊല്ലം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാറിന്റെ വരുമാന വർധനക്കായി വിവിധ സേവനങ്ങൾക്ക് സെസ് ഏർപ്പെടുത്തുന്നത് പരിശോധിക്കാനും സഹകരണ മേഖലയിലെ രണ്ടര ലക്ഷം കോടി രൂപ കൃഷിക്കും വ്യവസായത്തിനും വിപണനത്തിനും ഉപയോഗപ്പെടുത്താനും ശ്രമിക്കുമെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖ.
‘സെസ് സാധ്യതകൾ പരിശോധിക്കണം. എല്ലാ സൗജന്യങ്ങളും സമ്പന്ന വിഭാഗങ്ങൾക്ക് ഉൾപ്പെടെ നൽകേണ്ടതുണ്ടോ എന്ന് വിലയിരുത്തണം. വരുമാനത്തിനനുസരിച്ച് പ്രത്യേക വിഭാഗങ്ങളാക്കി ഫീസ് ഈടാക്കാനുള്ള സാധ്യതകളെക്കുറിച്ചും ആലോചിക്കണം’ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരളത്തെ നയിക്കാൻ പുതുവഴികൾ രേഖയിലുള്ളത്. അടിത്തട്ടിലുള്ളവർക്ക് മാത്രം സൗജന്യങ്ങൾ നൽകി ശേഷിയുള്ളവരിൽനിന്ന് ഫീസ് ഈടാക്കുകയാണ് നിർദേശിക്കുന്നത്.
സഹകരണരംഗത്തെ പരാമർശിക്കുന്ന ഭാഗത്ത്, പ്രവാസി സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നതിനും സഹകരണ മേഖലയിലെ രണ്ടരലക്ഷം കോടി ഉപയോഗപ്പെടുത്താൻ ശ്രമിക്കുമെന്ന് പറയുന്നു.
ഇതോടൊപ്പം വ്യവസായ പാർക്ക് ഉൾപ്പെടെ സ്വകാര്യ മേഖലയിൽ ആരംഭിക്കുമെന്നും പുനരുദ്ധാരണത്തിന് കഴിയാത്ത പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യമേഖലയുടെ സഹായത്തോടെ (പി.പി.പി മാതൃകയിൽ) വികസിപ്പിക്കുമെന്നും രേഖ വ്യക്തമാക്കുന്നു.
റെയിൽവേ, മെട്രോ, റോഡ്, ജല ഗതാഗതം എന്നിവ ചേർത്ത് അതിവേഗ മൾട്ടി മോഡൽ പൊതുഗതാഗത സംവിധാനം ഒരുക്കും. ഏറെ ജനകീയ പ്രതിഷേധം നേരിട്ട സിൽവർ ലൈൻ അതിവേഗ റെയിൽ പദ്ധതിയും ശബരിമല വിമാനത്താവളവും യാഥാർഥ്യമാക്കുമെന്നും രേഖ ചൂണ്ടിക്കാട്ടുന്നു. വികസിത, അർധ വികസിത രാജ്യങ്ങളിലേതിന് സമാനമായ അടിസ്ഥാന സൗകര്യ വികസനമാണ് അധികാരത്തിലേറിയാൽ മൂന്നാം ഇടതുസർക്കാർ പ്രാവർത്തികമാക്കുകയെന്ന് നയരേഖ അവകാശപ്പെടുന്നു.
വൈജ്ഞാനിക സമൂഹം ലക്ഷ്യമിട്ടും വിദേശരാജ്യങ്ങളിലേക്ക് പഠനവും തൊഴിലും തേടിയുള്ള കുടിയേറ്റം കുറച്ചു കൊണ്ടുവരുന്നതിനുമാണ് ഉന്നത വിദ്യാഭ്യാസ രംഗത്തും ഗവേഷണ മേഖലയിലും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.