സപ്ലൈകോ ഓണം ഫെയർ ആഗസ്റ്റ് 18 മുതൽ 28 വരെ

തിരുവനന്തപുരം: സപ്ലൈകോ ഓണം ഫെയർ ആഗസ്റ്റ് 18 മുതൽ 28 വരെ നടക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. 18ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ നയനാർ പാർക്കിൽ ഓണം ഫെയർ ഹാൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ല തല ഉദ്ഘാടനങ്ങള്‍ 19നും നിയോജക മണ്ഡല ഉദ്ഘാടനങ്ങള്‍ 23നും നടക്കും. ശീതീകരിച്ച സൗകര്യത്തോടെയുള്ള ജർമൻ ഹാങ്ങറുകളിലാണ് ജില്ലകളിലെ ഓണം ഫെയർ ഒരുക്കുന്നതെന്ന് മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഓണത്തോടനുബന്ധിച്ച് അഞ്ച് ഇനം ശബരി ഉൽപന്നങ്ങൾ സപ്ലൈകോ വിപണിയിലിറക്കും. ശബരി മട്ട അരി, ആന്ധ്ര ജയ അരി, ശബരി ആട്ട, പുട്ടുപൊടി, അപ്പപ്പൊടി എന്നിവയാണിത്. ഇവയ്ക്ക് വിപണി വിലയില്‍നിന്ന് 4-5 രൂപ വരെ കുറവുണ്ടാകും. 250 കോടിയുടെ അവശ്യസാധനങ്ങളാണ് ഓണക്കാല വിപണി ഇടപെടലിനായി സപ്ലൈകോ സംഭരിക്കുന്നത്. ഈ മാസം പത്തോടെ എല്ലാ സാധനങ്ങളും വിൽപനശാലകളിൽ ഉറപ്പുവരുത്തും.

സബ്‌സിഡി സാധനങ്ങൾ വാങ്ങാൻ മാസം 45 ലക്ഷത്തോളം പേരാണ് സപ്ലൈകോയെ ആശ്രയിക്കുന്നത്. സ്വാഭാവികമായും അതത് മാസം 25 ഓടെ അവശ്യസാധനങ്ങള്‍ വിറ്റുതീരും. അതാണ് ചില മാധ്യമങ്ങൾ സപ്ലൈകോ വിൽപനശാലകളിൽ അവശ്യസാധനങ്ങൾ ലഭ്യമല്ലെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. മുളക്, വൻപയർ, കടല എന്നിവക്ക് വിതരണക്കാർ ഉയർന്ന ടെൻഡർ തുക രേഖപ്പെടുത്തിയതിനാൽ സംഭരിക്കാൻ സാധിച്ചിട്ടില്ലെന്നത് സത്യമാണ്.

ഇതടക്കം പരമാവധി ആറ് ഇനം സബ്സിഡി സാധനങ്ങൾ മാത്രമാണ് ഔട്ട് ലെറ്റുകളിൽ കുറവുള്ളത്. കോഴിക്കോട് പാളയത്തെ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സാധനങ്ങൾ ഉണ്ടായിരിക്കെ വിലവിവരപ്പട്ടികയിൽ അവ ലഭ്യമല്ലെന്ന് ജീവനക്കാർ രേഖപ്പെടുത്തിയതിൽ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓണം ഫെയറുകളിലെ വിൽപന വർധിപ്പിക്കുന്നതിന് പൊതുമേഖല,സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് അവിടത്തെ ജീവനക്കാർക്ക് 500, 1000 രൂപ കൂപ്പണുകൾ സൗജന്യമായി വിതരണം ചെയ്യും. 20 കൂപ്പണ്‍ ഒരുമിച്ചെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു കൂപ്പണ്‍ സൗജന്യമായിരിക്കും. കൂപ്പൺ പ്രയോജനപ്പെടുത്തി സപ്ലൈകോയുടെ ഏത് വിൽപനശാലയിൽനിന്നും സാധനങ്ങൾ വാങ്ങാമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Supplyco Onam Fair from 18th to 28th August

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.