'നിന്റെ ജാതിയിലുള്ളവര്‍ ഈ പണികളാണ് ചെയ്യാറുള്ളത്'; ജീവനക്കാരനെ ജാതീയമായി അധിക്ഷേപിച്ച് മേലുദ്യോഗസ്ഥർ

കൊച്ചി: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ മേലുദ്യോഗസ്ഥര്‍ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ കേസെടുത്ത് കൊച്ചി സെന്‍ട്രല്‍ പൊലീസ്. ഐ.ഒ.ബി എറണാകുളം റീജിയണല്‍ ഓഫീസ് ഡി.ജി.എം നിതീഷ് കുമാര്‍ സിന്‍ഹ, എ.ജി.എം. കശ്മീര്‍ സിങ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡിസംബറിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തതെങ്കിലും അധിക്ഷേപം നേരിട്ട ജീവനക്കാരനെതിരെ ബാങ്ക് നടപടിയെടുത്തിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.

കൊച്ചി മുളവുകാട് സ്വദേശിയായ ഉദ്യോഗസ്ഥനെയാണ് മേലുദ്യേഗസ്ഥര്‍ ജാതീയമായി അധിക്ഷേപിച്ചത്. മേലുദ്യോഗസ്ഥര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഈ ഉദ്യോഗസ്ഥനെ ഉപയോഗിക്കാറുള്ളതായും വിവരങ്ങളുണ്ട്. മേലുദ്യോഗസ്ഥരില്‍ നിന്ന് നേരിട്ട പീഡനങ്ങള്‍ പുറത്തു പറഞ്ഞതിനെ തുടർന്ന് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു.

പിന്നാലെ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. പിന്നീട് 15 വര്‍ഷത്തേക്കുള്ള ഇന്‍ഗ്രിമെറ്റ് കട്ട് ചെയ്യുകയും ഹൈദരാബാദിലേക്ക് ട്രാന്‍ഫര്‍ ചെയ്യുകയും ചെയ്തു. ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട കേസിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്.

നീ എങ്ങിനെയാണ് ഈ ജോലിയിലെത്തിയതെന്നും ഞങ്ങളുടെ നാട്ടില്‍ നിന്റെ ജാതിയിലുള്ള ഉദ്യോഗസ്ഥര്‍ ഈ പണികളാണ് ചെയ്യാറുള്ളതെന്ന് പറഞ്ഞ് ചെടി നനപ്പിക്കുകയും ചായവാങ്ങിപ്പിക്കുകയും ചെയ്‌തെന്നും അധിക്ഷേപം നേരിട്ട ഉദ്യോഗസ്ഥന്റെ ഭാര്യ പറഞ്ഞു.

ഭീഷണിയെ തുടർന്ന് ആദ്യം നല്‍കിയ പരാതി പിന്‍വലിച്ചിരുന്നു എന്നാല്‍ പീഡനങ്ങള്‍ തുടരുകയും സസ്‌പെന്‍ഷനിലേക്ക് കടക്കുകയും ചെയ്തതോടെ വീണ്ടും പരാതി നൽകുകയായിരുന്നു. 

Tags:    
News Summary - Superiors racially abuse employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.