സണ്ണി ജോസഫ്
തിരുവനന്തപുരം: വോട്ടെണ്ണുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന സാഹചര്യത്തിൽ ശക്തമായ താക്കീതുമായി കെ.പി.സി.സി. പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്തരുതെന്നും അനുചിതമായ നടപടിയിൽ നിന്ന് എല്ലാവരും മാറി നിൽക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
ഇത്തരം പ്രസ്താവനകൾ കോൺഗ്രസ് അണികളിലും യു.ഡി.എഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയത്. ഇത്തരം ചർച്ചകളിൽ നിന്ന് പിന്തിരിയാൻ എ.ഐ.സി.സിയും കർശനമായ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ അത് മുഖവിലയ്‌ക്കെടുക്കാതെ അത്തരം നടപടികൾ ചിലർ തുടരുന്ന പശ്ചാത്തലത്തിലാണ് കർശന നിർദേശം നൽകാൻ കെ.പി.സി.സി വീണ്ടും നിർബന്ധിതമായതെന്നും സണ്ണി ജോസഫ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമായത്. മുഖ്യമന്ത്രി എറണാകുളത്ത് നിന്നുള്ള ആളാവണമെന്ന് പറഞ്ഞ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ചർച്ചക്ക് തുടക്കമിട്ടത്. ഇതിനിടെ മുസ്ലിം ലീഗും കെ. മുരളീധരൻ, എം.കെ രാഘവൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളും ചർച്ച അനുചിതമാണെന്ന് പറഞ്ഞെങ്കിലും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ചര്‍ച്ചയുമായി മുന്നോട്ടുപോവുകയായിരുന്നു. അതിനിടെ 'കേരള യാത്ര' എന്ന പേരിൽ രമേശ് ചെന്നിത്തല പോഡ്കാസ്റ്റ് ആരംഭിച്ചു. വി.ഡി സതീശൻ നയിക്കട്ടെ എന്ന് പറഞ്ഞ് ആലുവയിൽ കൂറ്റൻ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി നിലപാട് കടുപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.