പുതിയ വൈദ്യുതി കണക്ഷന് ചെലവ് കുറയും; 51,425 രൂപയുടെ കണക്ഷന് ഇനി 5,000 മാത്രം, 90 ശതമാനം വരെ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകൾക്കുള്ള കെ.വി.എ അടിസ്ഥാനത്തിലുള്ള പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ. ഒക്ടോബർ 12 മുതൽ പണമടക്കുന്നവർക്ക് പുതിയ നിരക്കുകളാണ് ബാധകം.
നിരക്കുകളിൽ 90 ശതമാനം വരെ കുറവുണ്ടെന്നാണ് സർക്കാർ അറിയിച്ചത്. നേരത്തെ വൈദ്യുതി പോസ്റ്റുകൾ, ഓവർഹെഡ് ലൈനുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള മുഴുവൻ ചെലവും ഉപഭോക്താവ് വഹിക്കേണ്ടിയിരുന്നു. പുതിയ സംവിധാനത്തിൽ ആവശ്യപ്പെടുന്ന കണക്റ്റഡ് ലോഡിന്റെ അടിസ്ഥാനത്തിൽ നിശ്ചിത തുക അടച്ചാൽ മതിയാകും.
പുതിയ കണക്ഷൻ, ലോഡ് വർധിപ്പിക്കൽ, ഫേസ് മാറ്റം തുടങ്ങിയവയ്ക്ക് പ്രത്യേക എസ്റ്റിമേറ്റോ ഓഫിസ് സന്ദർശനമോ ഇല്ലാതെ പണമടക്കാം.
51,425 രൂപയുടെ കണക്ഷന് ഇനി 5,000 രൂപ
നാല് പോസ്റ്റുകൾ ഉൾപ്പെടെ 200 മീറ്റർ ഓവർഹെഡ് ലൈൻ വലിച്ച് കണക്ഷൻ നൽകുന്നതിന് നേരത്തെ ഈടാക്കിയിരുന്ന 51,425 രൂപ 5,000 രൂപയായി കുറച്ചു. 46,425 രൂപയുടെ കുറവാണിത്. ലൈൻ വലിക്കേണ്ടിവരുന്ന ദുർഘട പ്രദേശങ്ങളിലുള്ളവർക്ക് പുതിയ നിരക്ക് ആശ്വാസമാകും.
നിലവിലെ വൈദ്യുതി ലൈനിൽനിന്ന് 200 മീറ്റർ ദൂരപരിധിക്കുള്ളിലും (35 മീറ്റർ വെതർ പ്രൂഫ് വയർ പുറമെ) 1000 കെ.വി.എ വരെ കണക്റ്റഡ് ലോഡുമുള്ളവരാണ് ആദ്യഘട്ടത്തിൽ പുതിയ സംവിധാനത്തിന്റെ പരിധിയിൽ വരുന്നത്.
കണക്റ്റഡ് ലോഡ് വർധിപ്പിക്കുന്നവർ അധിക ലോഡിന് മാത്രം പണമടച്ചാൽ മതി. ലോഡിൽ മാറ്റമില്ലാതെ സിംഗിൾ ഫേസിൽനിന്ന് ത്രീ ഫേസിലേക്ക് മാറാൻ കിലോവാട്ടിന് 700 രൂപയാണ് നിരക്ക്. അതേസമയം, സർവിസ് വയർ മാത്രം ആവശ്യമുള്ളവർക്ക് നിരക്ക് വർധിക്കും.
പുതിയ വൈദ്യുതി കണക്ഷൻ നിരക്കുകൾ
കണക്റ്റഡ് ലോഡ് സ്ലാബ് നിരക്കുകൾ (10 കിലോവാട്ട് വരെ)
2 കിലോവാട്ട് വരെ (ഗാർഹികം) 2,000
1 കിലോവാട്ട് വരെ (മറ്റുള്ളവർ) 2,500
1-2 കിലോവാട്ട് (മറ്റുള്ളവർ) 3,000
2-5 കിലോവാട്ട് 5,000
5-7 കിലോവാട്ട് 8,000
7-10 കിലോവാട്ട് 10,000
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.