അസ്‌ലം 

18 വയസുകാരൻ ജീവനൊടുക്കിയ സംഭവം: 'അസ്‌ലമിനെ കസ്റ്റഡിയിലെടുത്ത അന്നുതന്നെ പിതാവിനൊപ്പം വിട്ടയച്ചു'; റിമാൻഡ് റിപ്പോർട്ട് പുറത്ത്

തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ 18 വയസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. പ്രായപൂര്‍ത്തിയാകാതിരുന്ന ഒന്നാം പ്രതി അസ്‌ലമിനെ കസ്റ്റഡിയിലെടുത്ത ദിവസം തന്നെ പിതാവിനൊപ്പം വിട്ടയച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. നിയമനടപടികള്‍ പാലിക്കാതെ, അന്യായമായി പ്രതികളെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വെച്ചുവെന്നായിരുന്നു പിതാവിന്റെ പ്രധാന ആരോപണം.

കേസിലെ രണ്ടാം പ്രതിയായ നൗഷാദിന്റെ മകന്‍ സഹലിനെ കോടതിയില്‍ ഹാജരാക്കിയത് കസ്റ്റഡിയിലെടുത്തതിന് തൊട്ടടുത്ത ദിവസമായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. അറസ്റ്റ് വിവരം അറിയിച്ചുകൊണ്ടുള്ള നോട്ടീസുകളിലും രേഖകളിലും പിതാവ് നൗഷാദ് ഒപ്പുവെച്ചിരുന്നു. പ്രതികള്‍ക്ക് നിയമസഹായവും വൈദ്യസഹായവും ഏര്‍പ്പെടുത്താന്‍ ബന്ധുക്കള്‍ കണ്ടെത്തിയ അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

ഒന്നാം പ്രതിയായ അസ്‌ലം പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയും ചതിയിലൂടെയും 20 പവന്‍ സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് കേസ്. രണ്ടാം പ്രതി മുഹമ്മദ് സഹലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി പരാതിക്കാരിയുമായി നടത്തിയ ചാറ്റുകളും ഫോട്ടോകളും ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്യുമെന്നും വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേര്‍ന്ന് പോയ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ 50,000 രൂപയും, ഈ വര്‍ഷം ഏപ്രിലില്‍ 20 പവന്‍ സ്വര്‍ണാഭരവും തട്ടിയെടുത്തെന്നും ഈ പണവും സ്വര്‍ണവും രണ്ടാം പ്രതിയുടെ കൈവശമാണ് ഏല്‍പ്പിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് രേഖകളിലുണ്ട്.

നേരത്തെ, മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് രംഗത്തെത്തിയിരുന്നു. കുട്ടി മരിച്ചതിന് ശേഷം പൊലീസ് ഇതുവരെ തങ്ങളെ സമീപിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. വളരെ മോശമായ രീതിയിലാണ് പൊലീസ് മക്കളോടും തന്നോടും പെരുമാറിയതെന്നും പിതാവ് പറഞ്ഞു. തന്റെ രണ്ട് മക്കളെയും പുറംലോകം കാണിക്കില്ല എന്ന് ഭീഷണിപ്പെടുത്തിയതായും നൗഷാദ് ആരോപിച്ചു.

എന്നാല്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ പൊലീസ് നിഷേധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി 18 വയസുകാരന് ബന്ധമുണ്ടായിരുന്നെന്നും പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്നുമാണ് പൊലീസ് പറയുന്നത്. ഈ സ്വര്‍ണാഭരണങ്ങള്‍ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് അസ്ലമും സഹോദരനും ചേര്‍ന്ന് ആഡംബര കാറും ഐഫോണും വാങ്ങിയെന്നും പൊലീസ് വ്യക്തമാക്കി. ഇവരുടെ ആഡംബര കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അസ്ലം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നതിന്റെ ഡിജിറ്റല്‍ തെളിവുകളും സന്ദേശങ്ങളും ശേഖരിച്ചതായി പൊലീസ് പറഞ്ഞു.

അതിനിടെ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ പദ്ധതിയിട്ടിരുന്നതായി വ്യക്തമാക്കുന്ന അസ്‌ലമിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ സഹോദരിയുടെ കൈയില്‍ നിന്ന് പണം വാങ്ങുമെന്നാണ് ഓഡിയോയില്‍ പറയുന്നത്. സഹോദരി വിദേശത്ത് ജോലി ചെയ്യുന്നതിനാല്‍ അവരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ സാധിക്കുമെന്നും സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

Tags:    
News Summary - Kodungallur Youth Death: Remand Report Reveals Police Actions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.