മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ജേണലിസം അധ്യാപകനുമായിരുന്ന എൻ.ആർ.എസ് ബാബു (എൻ.ആർ. സുഭാഷ് ബാബു 84) അന്തരിച്ചു. കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ, കലാകൗമുദി വാരിക എഡിറ്റർ, ദേശാഭിമാനി കൺസൾട്ടന്റ് എഡിറ്റർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടർ സ്ഥാനവും വഹിച്ചിട്ടുണ്ട്. സംസ്‌കാരം അമേരിക്കയിൽനിന്ന് മകൻ എത്തിയശേഷം.

മലയാളത്തിൽ അന്വേഷണാത്മക പത്രപ്രവർത്തനത്തിന് ആരംഭംകുറിച്ച വനം കുംഭകോണത്തെ കുറിച്ച വാർത്താപരമ്പര എൻ.ആർ.എസ്. ബാബുവും അന്തരിച്ച എസ്. ജയചന്ദ്രൻ നായരും ചേർന്ന് തയാറാക്കിയതായിരുന്നു. ജല അതോറിറ്റി കുംഭകോണം, സെക്രട്ടറിയേറ്റ് ഫയൽ കുംഭകോണം തുടങ്ങിയവ പുറത്തുകൊണ്ടുവന്നതിൽ പ്രധാന പങ്കുവഹിച്ചത് എൻ.ആർ.എസ് ബാബുവായിരുന്നു. 2005ൽ സജീവ പത്രപ്രവർത്തനത്തിൽനിന്ന് വിരമിച്ചശേഷം തിരുവനന്തപുരം പ്രസ് ക്ലബ് ജേണലിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി പ്രവർത്തിച്ചു. സംസ്ഥാനത്തെ ആദ്യ മൾട്ടി മീഡിയ സോഫ്റ്റ്വെയർ കമ്പനികളിലൊന്നായ ‘ഇൻവിസി’ന്റെ സ്ഥാപക ചെയർമാനാണ്.

ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ച് രണ്ടു ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. സംസ്ഥാന സർക്കാർ മാധ്യമ അവാർഡ്, ബോധി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പുരസ്‌കാരം, എസ്. ജയചന്ദ്രൻ നായർ സ്മാരക പ്രഥമ പുരസ്‌കാരം, ശിവറാം അവാർഡ്, ഐ.വി ദാസ് പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഉമ. മക്കൾ: ശങ്കരനാരായണൻ (അമേരിക്ക), പരേതയായ ചിത്ര.

Tags:    
News Summary - Veteran journalist N.R.S. Babu passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.