കോട്ടയം: കുടയംപടിയിലെ വ്യാപാരി കെ.സി. ബിനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച ബിനുവിന്റെ കുടുംബാംഗങ്ങളുടെ മൊഴി കോട്ടയം വെസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഭാര്യ, മക്കൾ, സഹോദരൻ കെ.സി. ബിജു, മറ്റ് ബന്ധുക്കൾ എന്നിവരുടെ മൊഴിയാണ് പൊലീസെടുത്തത്. ബാങ്ക് ജീവനക്കാർ നിരന്തരം ഭീഷണിപ്പെടുത്തിയതായി മൊഴി നൽകിയതായാണ് വിവരം. ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന ഫോൺ സംഭാഷണവും കുടുംബാംഗങ്ങൾ പൊലീസിന് കൈമാറി. ബിനുവിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് ജീവനക്കാർ സ്ഥാപനത്തിലെത്തി നിരന്തരം ശല്യം ചെയ്തിരുന്നതായി ഇവർ മൊഴി നൽകി. ബിനുവിന്റെ ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കർണാടക ബാങ്കിന്റെ ഭീഷണിയാണ് ബിനുവിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. മാനസികമായി തളർത്തുന്ന രീതിയിൽ നിരന്തരം ബിനുവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും ഇവർ പറയുന്നു. ഇതിലാണ് പൊലീസ് അന്വേഷണം.
കുടയംപടിയിൽ ചെരിപ്പ് വ്യാപാരം നടത്തിയിരുന്ന കുടമാളൂർ അഭിരാമം വീട്ടിൽ കെ.സി. ബിനു (52) തിങ്കളാഴ്ചയാണ് വീട്ടിൽ തൂങ്ങി മരിച്ചത്. കർണാടക ബാങ്കിന്റെ നിരന്തര ഭീഷണിയെ തുടർന്നാണ് ബിനു ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. രണ്ടുമാസത്തെ കുടിശ്ശിക മുടങ്ങിയതിന്റെ പേരിൽ ബാങ്ക് ജീവനക്കാരൻ നിരന്തരം കടയിൽ കയറി ഭീഷണി മുഴക്കിയെന്ന് ബിനുവിന്റെ മകൾ വെളിപ്പെടുത്തിയിരുന്നു. ആരോപണവിധേയരായ കർണാടക ബാങ്കിന്റെ നാഗമ്പടം ശാഖയിലെ ജീവനക്കാരെ ഉടൻ ചോദ്യം ചെയ്യും. ഇതിനുശേഷമായിരിക്കും തുടർനടപടി തീരുമാനിക്കുക. കോട്ടയം ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. ഇതിനിടെ, സംഭവത്തിൽ പൊലീസിനോടും ബാങ്ക് അധികൃതരിൽനിന്നും കോട്ടയം ജില്ല കലക്ടർ റിപ്പോർട്ട് തേടി.
കോട്ടയം: കുടയംപടിയിലെ വ്യാപാരിയായിരുന്ന കെ.സി. ബിനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണായക ഫോൺ സംഭാഷണം പുറത്ത്. പണം അടക്കാമെന്ന് പറഞ്ഞിട്ടും ബാങ്ക് ജീവനക്കാരൻ മോശമായി സംസാരിക്കുന്നതും ഭീഷണി തുടർന്നാൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബിനു പറയുന്നതും സംഭാഷണത്തിലുണ്ട്. ആത്മഹത്യ ചെയ്താൽ ഞങ്ങൾക്ക് എന്താണ്. ആത്മഹത്യ ചെയ്യാനും അന്തസ്സ് വേണമെന്നാണ് ഇതിന് ബാങ്ക് ജീവനക്കാരന്റെ മറുപടി. ബിനുവിനെ കർണാടക ബാങ്ക് ജീവനക്കാരൻ ഭീഷണിപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കി, കുടുംബമാണ് ഓഡിയോ പുറത്തുവിട്ടത്. ഇവർ പൊലീസിനും ഇത് കൈമാറിയിട്ടുണ്ട്.
നാണം കെടുത്തരുത്. നാണം കെടുത്തിയാൽ ആത്മഹത്യ മാത്രമേ വഴിയുള്ളൂവെന്ന് സംഭാഷണത്തിൽ ബിനു പറയുമ്പോൾ കാശു വാങ്ങുമ്പോൾ ഓർക്കണമെന്നാണ് ഇതിന് മറുപടി. രാവിലെ കടയിൽ വരുമെന്ന് പറഞ്ഞ് ബാങ്ക് ജീവനക്കാരൻ ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഒപ്പം അപാര തൊലിക്കട്ടിയെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നുമുണ്ട്. രണ്ടു മിനിറ്റിലേറെയുള്ള ഓഡിയോ സന്ദേശത്തിൽ പലതവണ അപമാനിക്കുന്നതും കേൾക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.