കൊച്ചി: കഴക്കൂട്ടം സൈനിക സ്കൂളിലെ വിദ്യാർഥിയായിരുന്ന തൃശൂർ തോളൂർ സ്വദേശി അശ്വിൻ കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവം. എസ്.പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ഹൈകോടതി. ഇതിനായി ഉദ്യോഗസ്ഥനെ മൂന്നാഴ്ചക്കകം ചുമതലപ്പെടുത്തണമെന്ന് സംസ്ഥാന പൊലീസ് മോധാവിക്ക് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശം നൽകി. സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പി.കെ. ഉണ്ണികൃഷ്ണൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
2017ൽ കഴക്കൂട്ടം സൈനിക സ്കൂളിൽ ഒമ്പതാം ക്ലാസിൽ ചേർന്ന അശ്വിൻ കൃഷ്ണയെ 2020 ജൂൺ ഒന്നിന് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ അധികൃതരുടെ മാനസിക-ശാരീരിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ആരോപണമുയർന്നിരുന്നു.
പേരാമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഫലപ്രദമായി അന്വേഷിക്കാനാകില്ലാത്തതിനാൽ സി.ബി.ഐ വേണമെന്നായിരുന്നു ആവശ്യം. ഇത്തരം കേസുകളിൽ നീതി നടപ്പാക്കിയെന്ന് ബോധ്യപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണത്തിന്റെ മേൽനോട്ടം എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകാൻ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.