കെ. സുധാകരൻ
രാഷ്ട്രപതി അടിയന്തരമായി ഇടപെടണം; തെരഞ്ഞെടുപ്പ് കമീഷനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കെ. സുധാകരൻ
കണ്ണൂർ: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ സംശയങ്ങൾ ഉയരുന്ന സാഹചര്യത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ച് കെ. സുധാകരൻ എം.പി.
വിഷയത്തിൽ രാഷ്ട്രപതി അടിയന്തരമായി ഇടപെടണം. കമീഷനിലെ രണ്ട് അംഗങ്ങൾ തന്നെ പല പ്രധാന തീരുമാനങ്ങളിലും വിയോജിപ്പ് പ്രകടിപ്പിച്ച വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, ഇതൊരു രാഷ്ട്രീയ തർക്കമായി കാണരുത്. സ്വതന്ത്രവും സുതാര്യവുമായ സമയബന്ധിത അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ കുറഞ്ഞത് 14 തവണ കമീഷന്റെ നിലപാടുകളോട് എതിർപ്പ് രേഖപ്പെടുത്തിയതായി ദി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ വിയോജിപ്പുകളുടെ യഥാർഥ കാരണങ്ങൾ എന്താണെന്നും, അവയിൽ ഉന്നയിച്ച കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്തെന്നും കമീഷന്റെ തീരുമാനങ്ങൾ നിയമപരമായിരുന്നോ എന്നും അന്വേഷണത്തിലൂടെ രാജ്യത്തിന് വ്യക്തമാകേണ്ടതുണ്ട്.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം-6-ൽ വരുത്തിയ മാറ്റങ്ങൾ, വോട്ടർമാരുടെ പേര് ചേർക്കുന്നതിലും നീക്കം ചെയ്യുന്നതിലും ഉണ്ടായ ക്രമക്കേടുകൾ, അപ്പീലുകൾ സമർപ്പിക്കുന്നതിലെ അധികാര പരിധികൾ എന്നിവയിൽ ഗൗരവകരമായ അന്വേഷണം വേണം. അതോടൊപ്പം വോട്ടർ ഡാറ്റാബേസിന്റെയും നെറ്റ് സംവിധാനത്തിന്റെയും നിയന്ത്രണം ഏകപക്ഷീയമായി കേന്ദ്രീകരിച്ചത് സംസ്ഥാന-മണ്ഡല തലങ്ങളിലെ ഉദ്യോഗസ്ഥരുടെ അധികാരങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന് രേഖകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കണം.
2023-ലെ ബന്ധപ്പെട്ട നിയമത്തിലെ സെക്ഷൻ 18 അനുസരിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമ്പോൾ പിന്തുടരേണ്ട കൂട്ടായ തീരുമാനമെടുക്കൽ പ്രക്രിയ കമീഷൻ ലംഘിച്ചോ എന്നതും പരിശോധിക്കപ്പെടണം. ഭരണഘടനാ സ്ഥാപനത്തിന്റെ സുതാര്യതയും ജനാധിപത്യ പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസവും സംരക്ഷിക്കാൻ ഫയലുകൾ, ഉത്തരവുകൾ, ഡിജിറ്റൽ ഓഡിറ്റ് ട്രെയ്‌ലുകൾ എന്നിവ സുരക്ഷിതമായി സംരക്ഷിച്ചുകൊണ്ട് സ്വതന്ത്ര അന്വേഷണം നടത്തണം. അന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയാൽ ചീഫ് ഇലക്ഷൻ കമീഷണർക്കെതിരെ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.