പി.ജെ. ജോസഫിനെ അപമാനിച്ച പ്രതാപൻ മാപ്പ് പറയണമെന്ന് കേരള കോൺഗ്രസ്
തൃശൂര്‍: കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ പി.ജെ. ജോസഫിനെ പൊതുവേദിയിൽ അപമാനിച്ച എ.ഐ.സി.സി അംഗം ടി.എൻ. പ്രതാപനെതിരെ കേരള കോൺഗ്രസ് രംഗത്ത്. പ്രതാപൻ മാപ്പ് പറയണമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രതാപൻ മാപ്പ് പറഞ്ഞില്ലെങ്കിൽ പാർട്ടി പ്രക്ഷോഭത്തിനിറങ്ങുമെന്ന് ജില്ല പ്രസിഡന്റ് സി.വി. കുര്യാക്കോസ് അറിയിച്ചു. അതേസമയം, തങ്ങളുടെ എം.എൽ.എ തോമസ് ഉണ്ണിയാടനെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുടയിലെ പാർട്ടി പരിപാടിയിൽ ചില മദ്യപാനികളാണ് പ്രശ്നമുണ്ടാക്കിയത്.
പ്രതാപന്‍റെ അഭിപ്രായം വ്യക്തിപരമാണെന്നും കോൺഗ്രസിന് ഇതുമായി ബന്ധമില്ലെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞിട്ടുണ്ട്. സഖ്യകക്ഷിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പ്രതാപനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നേതാക്കൾ തുറന്നടിച്ചു. യു.ഡി.എഫിലെ ഐക്യവും കൂട്ടായ്മയും തകർക്കാനുള്ള ബോധപൂർവമായ നീക്കത്തിന്റെ ഭാഗമാണ് പ്രതാപന്റെ പരസ്യപ്രസംഗമെന്നാണ് കേരള കോൺഗ്രസിന്റെ ആരോപണം. മുന്നണിയിലെ ഘടകകക്ഷിയുടെ സംസ്ഥാന അധ്യക്ഷനെതിരെ പരസ്യമായി നടത്തിയ പരാമർശം അംഗീകരിക്കാനാകില്ലെന്നും നേതാക്കൾ പറഞ്ഞു.
മറ്റ് പാർട്ടികളുടെ ‘പിതൃത്വ’ത്തെക്കുറിച്ച് ആശങ്കപ്പെടുന്ന പ്രതാപൻ അതുവഴി സ്വന്തം പിതൃത്വം തള്ളിപ്പറയുകയാണെന്നും ഭാരവാഹികൾ പരിഹസിച്ചു. ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, അഡ്വ. അജി ഫ്രാന്‍സിസ്, തോമസ് ആന്റണി, ഇട്ട്യേച്ചന്‍ തരകന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.